THE ASHES
ക്യാമറാകണ്ണില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കില്ല; താഴെ വീണ ച്യൂയിങ് ഗം വീണ്ടും വായിലേക്കിട്ട് ലബുഷാന്‍, ഒപ്പിയെടുത്ത് ക്യാമറാമാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 30, 09:45 am
Friday, 30th June 2023, 3:15 pm

കളിക്കളത്തിനകത്തും പുറത്തും കാണികളെ നൂറ് ശതമാനം എന്റര്‍ടെയ്ന്‍ ചെയ്യുന്ന താരങ്ങളില്‍ പ്രധാനിയാണ് ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷാന്‍. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെ പൂച്ചയുറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ് ക്രീസിലേക്ക് ഓടിയെത്തി ആരാധകര്‍ക്ക് ചിരിക്ക് വഴിയൊരുക്കിയ താരം ആഷസിലും അത്തരത്തിലൊരു പ്രവൃത്തിയിലൂടെ ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുകയാണ്.

മാച്ചിനിടെ തന്റെ വായില്‍ നിന്നും താഴെ വീണ ച്യൂയിങ് ഗം വീണ്ടും തിരികെ വായിലിടുന്ന ലബുഷാനാണ് ചര്‍ച്ചാ വിഷയം.

മത്സരത്തിന്റെ 45ാം ഓവറിലായിരുന്നു സംഭവം. സ്റ്റീവ് സ്മിത്തിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു സൗത്താഫ്രിക്കയില്‍ ജനിച്ച ഓസീസിന്റെ സൂപ്പര്‍ താരം. മത്സരത്തിനിടെ ഗ്ലൗസ് ശരിയാക്കുമ്പോള്‍ താരത്തിന്റെ വായില്‍ നിന്നും ച്യൂയിങ് ഗം താഴെ വീണിരുന്നു. ഇത് ക്യാമറയില്‍ പതിയുകയും ചെയ്തിരുന്നു.

എന്നാല്‍ എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് താരം നിലത്തുവീണ ച്യൂയിങ് ഗം വീണ്ടും വായിലേക്കിടുകയായിരുന്നു. സംഭവമേതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഓസീസ് ഇന്നിങ്‌സിന്റെ 55ാം ഓവറിലാണ് ലബുഷാന്‍ പുറത്താകുന്നത്. ടീം സ്‌കോര്‍ 198ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായാണ് താരം മടങ്ങിയത്. 93 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെ അകമ്പടിയോടെ 47 റണ്‍സാണ് താരം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ 416 റണ്‍സ് നേടിയിരുന്നു. സ്മിത്തിന് പുറമെ ട്രാവിസ് ഹെഡ് (73 പന്തില്‍ നിന്നും 77), ഡേവിഡ് വാര്‍ണര്‍ (88 പന്തില്‍ നിന്നും 66) എന്നിവരുടെ ഇന്നിങ്‌സും ഓസീസിന് തുണയായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ദിവസം തന്നെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 278 റണ്‍സാണ് നേടിയിരിക്കുന്നത്.

 

 

Content highlight:  Marnus Labuschagne Puts Dropped Chewing Gum Back In Mouth