കോഴിക്കോട്: കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍കസ് നോളെജ് സിറ്റി നിര്‍മിക്കുന്നത് തോട്ടം ഭൂമി തരംമാറ്റിയെന്ന് പരാതി. സ്ഥാപനത്തിന്റെ ഗണ്യമായ ഭാഗവും നിര്‍മിച്ചത് തോട്ടഭൂമി തരംമാറ്റിയാണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോടഞ്ചേരിയിലെ റബ്ബര്‍ തോട്ടത്തിലാണ് നോളേജ് സിറ്റി നിര്‍മാണം. ഭൂപരിഷ്‌കരണ നിയമപരിധിയില്‍ ഇളവ് ലഭിക്കുന്ന തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കരുത് എന്നാണ് നിയമം.
അങ്ങനെ ഉപയോഗിച്ചാല്‍ അത് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ചട്ടം. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ നിരവധി വാണിജ്യസമുച്ചയങ്ങളും അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഇവിടെ നിര്‍മിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമുള്‍പ്പെടുന്ന കേന്ദ്രമാണ് നോളെജ് സിറ്റിയെന്നാണ് സംഘാടകര് പറയുന്നത്. അതേസമയം താലൂക്ക് ലാന്റ് ബോര്‍ഡിലെ രേഖകളില്‍ ഇവിടെ ഇപ്പോഴും റബ്ബര്‍ തോട്ടമാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാന്തപുരത്തിന്റെ മകനും നോളെജ് സിറ്റിയുടെ പ്രധാന ചുമതലക്കാരനുമായ അബ്ദുള്‍ ഹക്കീം ഈ ഭൂമി കാര്‍ഷികാവശ്യത്തിന് മാത്രമെ ഉപയോഗിക്കുകയുള്ളൂ എന്നാണ് പട്ടയത്തിനായി ലാന്റ് ട്രിബ്യൂണലില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം തോട്ടഭൂമിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ബാധകമായ സ്ഥലത്തല്ല നോളെജ് സിറ്റിയുടെ നിര്‍മാണമെന്നാണ് മര്‍കസ് അധികൃതര്‍ പറയുന്നത്.
ഹരിത ട്രിബ്യൂണല്‍ രൂപീകരിച്ച വിദഗ്ധ സമിതി നോളെജ് സിറ്റി പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുകയും നിയമവിധേയമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
എന്നാല്‍ തോട്ടഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് ഹരിത ട്രിബ്യൂണലല്ല. നിയമലംഘനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബം.