മരക്കാര്‍ ഒ.ടി.ടിയ്ക്ക് നല്‍കിയത് മോഹന്‍ലാലിന്റെ നിര്‍ദേശത്തോടെ; മോഹന്‍ലാലിന്റെ അടുത്ത അഞ്ച് ചിത്രങ്ങളും ഒ.ടി.ടിയില്‍; നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍
കൊച്ചി: മരക്കാര്‍; അറബിക്കടലിന്റെ സിംഹം, ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനമെടുത്തത് നടന്‍ മോഹന്‍ലാലിന്റെ നിര്‍ദേശത്തെത്തുടര്‍ന്നെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. കൊവിഡിന്റെ സാഹചര്യത്തില്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്താല്‍ ലാഭമുണ്ടാക്കാനാവില്ലല്ലോ എന്ന സങ്കടം മോഹന്‍ലാലിനെ അറിയിക്കുകയായിരുന്നെന്നും ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
”തിയേറ്റില്‍ വളരെയധികം പൈസ കളക്ട് ചെയ്താലേ ഇത് മുതലാവൂ. ഇത് കൊവിഡിന്റെ പശ്ചാത്തലമാണ്. ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ അടുത്ത് എന്റെ സങ്കടം പറഞ്ഞു.
ആന്റണി, നമ്മള്‍ ഒരുപാട് സിനിമകള്‍ മുന്നില്‍ സ്വപ്‌നം കണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. ആഗ്രഹങ്ങള്‍ നടക്കണമെങ്കില്‍ നമ്മള്‍ ഉണ്ടാകണം, ബലത്തോടെ ഉണ്ടാകണം. അത് ഒരു സിനിമയിലൂടെ നഷ്ടപ്പെട്ടാല്‍ വീണ്ടും അതുപോലെ സ്വപ്‌നം കാണാന്‍ കഴിയില്ല. അതിന് നമ്മള്‍ സ്‌ട്രോങ് ആയി നില്‍ക്കണം, എന്നാണ് എത്രയോ വര്‍ഷമായി സിനിമയിലുള്ള അദ്ദേഹം എനിക്ക് നിര്‍ദേശം തന്നത്.
ആ നിര്‍ദേശത്തില്‍ നിന്നാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടാകുന്നത്. പ്രിയദര്‍ശന്‍ സാറുമായും സംസാരിച്ചു. എല്ലാവരുടേയും സമ്മതം വാങ്ങിയാണ് ഈ സിനിമ ഒ.ടി.ടിയിലേക്ക് വിടുന്നത്,” ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
തിയേറ്റര്‍ തുറന്നപ്പോള്‍ ഒരുപാട് സിനിമകള്‍ തിയേറ്ററുടമകള്‍ ഷെഡ്യൂള്‍ ചെയ്‌തെങ്കിലും ആരും മരക്കാര്‍ റിലീസ് സംബന്ധിച്ച് ചോദിച്ചില്ലെന്നും ഇതിനെത്തുടര്‍ന്നാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ മോഹന്‍ലാല്‍ നിര്‍ദേശിച്ചതെന്നും നിര്‍മാതാവ് പറഞ്ഞു.
40 കോടി രൂപ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തന്നു എന്ന വാര്‍ത്ത തെറ്റാണെന്നും 4.8 കോടി രൂപ മാത്രമാണ് തന്നതെന്നും പിന്നീട് അത് തിരിച്ച് കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുമ്പ് തിയേറ്റര്‍ ഉടമകള്‍ സഹായിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അവഗണിച്ചുവെന്നും അവരുടെ യോഗങ്ങളിലേയ്‌ക്കൊന്നും തന്നെ വിളിച്ചില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.