മരടിലെ ഫ്‌ളാറ്റുകളില്‍ കുടിവെള്ള വിതരണവും നിര്‍ത്തി; ഫ്‌ളാറ്റ് പൊളിക്കല്‍ ഒക്ടോബര്‍ 11ന് ആരംഭിക്കും
Kerala News
മരടിലെ ഫ്‌ളാറ്റുകളില്‍ കുടിവെള്ള വിതരണവും നിര്‍ത്തി; ഫ്‌ളാറ്റ് പൊളിക്കല്‍ ഒക്ടോബര്‍ 11ന് ആരംഭിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2019, 8:57 am

മരടിലെ നാലു ഫ്ളാറ്റുകളിലേക്കുമുള്ള കുടിവെള്ള വിതരണവും നിര്‍ത്തി. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്ന നടപടി ഒക്ടോബര്‍ 11ന് ആരംഭിക്കും. ഫ്‌ളാറ്റുകളിലുള്ളവരെ ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കും. മൂന്ന് മാസം കൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കും.

നാല് ദിവസം കൊണ്ട് ആളുകളെ ഒഴിപ്പിക്കുന്നത് പൂര്‍ത്തിയാക്കും. 2020 ഫെബ്രുവരിയോടെ കെട്ടിട അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

വൈദ്യത ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് ഇന്ന് കുടിവെള്ള വിതരണവും നിര്‍ത്തിയത്. രാവിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വൈദ്യുതബന്ധം വിച്ഛേദിച്ചത്. ഫ്ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധത്തിലാണ് .സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെയും നിയോഗിച്ചിട്ടുണ്ട്. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നാണ് ഫ്ളാറ്റുടമകള്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.

ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മരട് നഗരസഭാ സെക്രട്ടറി കഴിഞ്ഞദിവസം കെ.എസ്.ഇ.ബി ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നു തന്നെ നാലു ഫ്ളാറ്റുകളിലെയും ജലവിതരണം വിച്ഛേദിക്കാന്‍ വാട്ടര്‍ അതോറിറ്റിക്കും നഗരസഭ കത്തു നല്‍കിയിരുന്നു.

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിലെ ഏകോപനത്തിനായി പുതിയ ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്നേഹില്‍ കുമാറിനാണ് ചുമതല നല്‍കിയത്.