'മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത പുലര്‍ത്തണം'; മാര്‍ തോമസ് തറയില്‍
Kerala News
'മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത പുലര്‍ത്തണം'; മാര്‍ തോമസ് തറയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th March 2024, 12:26 pm

തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണത്തിനെതിരെ ആഞ്ഞടിച്ച് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത പുലര്‍ത്തണമെന്നാണ് മാര്‍ തോമസ് തറയിലിന്റെ മുന്നറിയിപ്പ്. ദു:ഖവെള്ളി പ്രസംഗത്തിലാണ് മാര്‍ തോമസ് തറയിലിന്റെ പരാമര്‍ശം.

‘ഭരണഘടന ഉറപ്പ് നല്‍കുന്നത് ഏത് ന്യൂനപക്ഷങ്ങള്‍ക്കും നമ്മുടെ രാജ്യത്ത് ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. ദുര്‍ബലനായ ഒരു മനുഷ്യനെങ്കിലും ഭയത്തോട് കൂടി രാജ്യത്ത് ജീവിക്കുകയാണെങ്കില്‍ അത് ആ രാജ്യത്തിന്റെ പരാജയമാണ്,’ എന്ന് മാര്‍ തോമസ് തറയില്‍ ചൂണ്ടിക്കാട്ടി.

‘ഇവിടെയാണ് നമുക്ക് ടാഗോറിനെപ്പോലെ പ്രാര്‍ത്ഥിക്കേണ്ടത്. മനസ് എവിടെയാണ് നിര്‍ഭയത്വത്തോട് കൂടിയായിരിക്കാന്‍ ആ?ഗ്രഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍?ഗത്തിലേക്ക് എന്നെ നയിക്കണമേയെന്ന്. ഇത് വളരെ ഫലപ്രദമായി പ്രാര്‍ത്ഥിക്കേണ്ട ഒരു സമയം കൂടിയാണ്,’ എന്നും മാര്‍ തോമസ് തറയില്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ ഭയപ്പെടുത്തുന്ന വിവിധ തരത്തിലുള്ള ശക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും ഭീഷണികളുടെ സ്വരം ഉയരുമ്പോള്‍ ധീരതയുടേയും സത്യത്തിന്റേയും സാക്ഷ്യമായി മാറുവാന്‍ നമ്മള്‍ വിളിക്കപ്പെടുകയാണ് ഈ കുരിശിന്റെ വഴിയിലൂടെയെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണെന്നും അതിനെ പരാജയപ്പെടുത്താന്‍ നോക്കിയാല്‍ നടക്കില്ലെന്നും മാര്‍ തോമസ് തറയില്‍ ചൂണ്ടിക്കാട്ടി.

നിരവധി ആളുകളാണ് മാര്‍ തോമസിന്റെ പ്രസംഗത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഘപരിവാര്‍ ആശയങ്ങളോട് നമ്മള്‍ അതിജീവിക്കും എന്ന പ്രതീക്ഷയുടെ അഗ്‌നിയിലെ കനലുകളാണ് ഈ ദുഃഖവെള്ളി ദിനത്തിലെ മാര്‍ തോമസിന്റെ സന്ദേശമെന്ന് ആളുകള്‍ പറയുന്നു.

Content Highlight: Mar Thomas Tharayil that we should be wary of the forces that terrorize the people in the name of religion and caste