തിമിംഗലങ്ങള്‍ക്ക് നിയമപരമായ വ്യക്തിത്വം നല്‍കണമെന്ന് ന്യൂസിലാൻഡിലെ ആദിവാസി ജനത
World News
തിമിംഗലങ്ങള്‍ക്ക് നിയമപരമായ വ്യക്തിത്വം നല്‍കണമെന്ന് ന്യൂസിലാൻഡിലെ ആദിവാസി ജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th March 2024, 1:46 pm

വെല്ലിങ്ടണ്‍: തിമിംഗലങ്ങള്‍ക്ക് നിയമപരമായ വ്യക്തിത്വം നല്‍കണമെന്ന് ന്യൂസിലാന്റിലെ തദ്ദേശീയരായ മാവോറി ജനത. തിമിംഗലങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മാവോറി ജനത ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

പ്രഖ്യാപനത്തില്‍ സസ്തനികളെ സഞ്ചാരസ്വാതന്ത്ര്യത്തിനും സ്വാഭാവിക പെരുമാറ്റത്തിനും അവയുടെ തനതായ രീതികള്‍ പ്രകടമാക്കുന്നതിനും അവകാശമുള്ള നിയമപരമായ വ്യക്തികളായി അംഗീകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് മറ്റ് റിപ്പോര്‍ട്ടുകള്‍.

തിമിംഗലങ്ങള്‍ തങ്ങളുടെ പൂര്‍വികരാണെന്ന് വിശ്വസിക്കുന്നവര്‍ കൂടിയാണ് മാവോറി ജനത. ചില ഗോത്രങ്ങള്‍ സസ്തനികളെ സമുദ്രത്തിന്റെ ദേവനായ ടാംഗറോവയുടെ പിന്‍ഗാമികളായും കാണുന്നു.

‘ഞങ്ങളുടെ പൂര്‍വികരുടെ പാട്ടിന്റെ ശബ്ദം ദുര്‍ബലമായി. അവരുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുണ്ട്. അവര്‍ക്ക് വേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്,’ തദ്ദേശീയ ജനതയുടെ രാജാവ് തുഹെയ്തിയ പൊട്ടാറ്റൗ ടെയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തരമായി തിമിംഗലങ്ങളെ സംരക്ഷിക്കാന്‍ ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിമിംഗലങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ അവയുടെ എണ്ണം വീണ്ടെടുക്കാന്‍ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രഖ്യാപനം. അതേസമയം 2017ല്‍ രാജ്യത്തെ വാംഗനുയി നദിക്കും മൗണ്ട് തരാനാക്കി അഗ്‌നിപര്‍വതത്തിനും വ്യക്തിത്വ പദവി നല്‍കികൊണ്ട് ന്യൂസിലാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇവ രണ്ടും മാവോറി ജനത വളരെ പ്രാധാന്യത്തോടെ കാണുന്നവയാണ്.

Content Highlight: Maori people want whales to have legal personality