Kerala News
മനു എസ്. പിള്ളയോടോ രാഘവ വാര്യരോടോ ഇങ്ങനെ പെരുമാറുമായിരുന്നില്ല; ക്ഷണിക്കപ്പെട്ട സെമിനാറിന്റെ യാത്രാകാര്യങ്ങള്‍ അന്വേഷിച്ച ടി.എസ്. ശ്യാം കുമാറിന് അധിക്ഷേപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 24, 06:08 am
Monday, 24th February 2025, 11:38 am

കോഴിക്കോട്: ക്ഷണിക്കപ്പെട്ട സെമിനാറിലേക്ക് എത്തിച്ചേരുന്ന യാത്രാവിവരങ്ങൾ അന്വേഷിച്ച ഡോ. ടി.എസ് ശ്യാം കുമാറിനെ അധിക്ഷേപിച്ച് കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം അധ്യാപകൻ പ്രെഫ. മുജീബ് റഹ്മാൻ. ഡോ. ടി.എസ്. ശ്യാം കുമാർ തന്നെയാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കോഴിക്കോട് സർവകലാശാലയിലെ ചരിത്രവിഭാഗം ഫെബ്രുവരി 24, 25 തീയതികളിൽ നടത്തുന്ന സെമിനാറിലേക്ക് ഒരു പ്രബന്ധം അവതരിപ്പിക്കാൻ പ്രെഫ. മുജീബ് റഹ്മാൻ, ഡോ. ടി.എസ് ശ്യാം കുമാറിനെ ക്ഷണിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം ഫെബ്രുവരി 3-ാം തീയതി സെമിനാറിന്റെ നോട്ടീസ് വാട്സ് ആപ്പിൽ അയച്ച് നൽകുകയും ചെയ്തു. പിന്നീട് അദ്ദേഹം കഴിഞ്ഞ ദിവസം മാത്രമാണ് ഡോ. ടി.എസ് ശ്യാം കുമാറുമായി ബന്ധപ്പെടുന്നത്.

യാത്രാവിവരങ്ങൾ അന്വേഷിച്ച ഡോ. ടി.എസ് ശ്യാം കുമാറിനെ മുജീബ് റഹ്‌മാൻ അധിക്ഷേപിക്കുകയായിരുന്നു. ‘വേണമെങ്കിൽ സെമിനാറിൽ പങ്കെടുക്കു’ എന്നായിരുന്നു മുജീബ് റഹ്‌മാന്റെ മറുപടി.

കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകൻ പ്രെഫ. മുജീബ് റഹ്മാൻ തികഞ്ഞ ജനാധിപത്യ വിരുദ്ധ സമീപനവും സവർണ ബോധവുമാണ് തന്നോട് പുലർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തെ സംബന്ധിച്ച് സെമിനാർ നടത്തുന്നവർ നവോത്ഥാന ആശയങ്ങൾ സ്വയം മനസിലാക്കാൻ ആദ്യം ശ്രമിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വിമർശിക്കുകയും ചെയ്തു.

 

‘കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം അധ്യാപകൻ പ്രെഫ. മുജീബ് റഹ്മാൻ 2025 ജനുവരി 31 ന് ചരിത്രവിഭാഗം ഫെബ്രുവരി 24, 25 തീയതികളിൽ നടത്തുന്ന സെമിനാറിലേക്ക് ഒരു പ്രബന്ധം അവതരിപ്പിക്കാൻ എന്നെ ക്ഷണിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം ഫെബ്രുവരി 3-ാം തീയതി സെമിനാറിന്റെ നോട്ടീസ് വാട്ട്സ് ആപ്പിൽ അയച്ചു നൽകുകയും ചെയ്തു. പിന്നീട് അദ്ദേഹം വിളിക്കുന്നത് ഇന്നലെ രാത്രിയാണ്.

എങ്ങനെയാണ് എത്തിച്ചേരുന്നതെന്നോ മറ്റ് യാത്രാ കാര്യങ്ങളോ പ്രെഫ. മുജീബ് റഹ്മാൻ എന്നോട് അന്വേഷിക്കുകയുണ്ടായില്ല. അദ്ദേഹം വിളിച്ചപ്പോൾ ഇക്കാര്യം ഏറ്റവും ജനാധിപത്യപരമായി പങ്കുവച്ചു. എന്നാൽ തികഞ്ഞ ധാർഷ്ട്യത്തോടെ ജനാധിപത്യ വിരുദ്ധമായി വേണമെങ്കിൽ സെമിനാറിൽ പങ്കെടുക്കു എന്നാണ് അറിയിച്ചത്. ഏത് കൊലകൊമ്പനായാലും ഇങ്ങനെ മാത്രമേ പെരുമാറു എന്നും അദ്ദേഹം പറഞ്ഞു. കേരളം ആദരിക്കുന്ന സാമൂഹ്യ ചിന്തകനായ സണ്ണി എം. കപിക്കാടിനെ സംഭാഷണ മധ്യേ ‘നിങ്ങളുടെ ആൾ’ എന്നാണ് പ്രൊഫ. മുജീബ് റഹ്മാൻ പരാമർശിച്ചത്.

പ്രെഫ. മുജീബ് റഹ്‌മാൻ സർവകലാശാലയിലെ വിദ്യാർത്ഥികളോട് എത്രമേൽ ജനാധിപത്യ വിരുദ്ധമായിയായിരിക്കും പെരുമാറിയിരിക്കുക എന്ന് ആ നിമിഷം മുതൽ ഞാൻ ആശങ്കപ്പെടുകയാണ്. രാജൻ ഗുരുക്കളോടും രാഘവ വാരിയരോടും മനു എസ്. പിള്ളയോടും ഇത്തരത്തിൽ പെരുമാറാൻ പ്രെഫ. മുജീബ് റഹ്മാൻ ഒരിക്കലും ധൈര്യപ്പെടില്ല. സെമിനാറിലേക്ക് എന്നെയും സണ്ണി എം. കപിക്കാടിനെയും ക്ഷണിച്ചത് തന്റെ ഔദാര്യമാണെന്ന നിലക്കാണ് എന്നോട് സംസാരിച്ചത്.

കഴിഞ്ഞ പത്ത് വർഷക്കാലമായി സജീവമായി അക്കാദമിക രംഗത്തും ജനമധ്യത്തിലും പ്രവർത്തന നിരതനായിരിക്കുന്നുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകൻ പ്രെഫ. മുജീബ് റഹ്മാൻ തികഞ്ഞ ജനാധിപത്യ വിരുദ്ധ സമീപനവും സവർണ ബോധവുമാണ് എന്നോട് പുലർത്തിയത്. നവോത്ഥാനത്തെ സംബന്ധിച്ച് സെമിനാർ നടത്തുന്നവർ നവോത്ഥാന ആശയങ്ങൾ സ്വയം മനസിലാക്കാൻ ആദ്യം ശ്രമിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു,’ അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

 

Content Highlight: Manu S. Pillai or Raghava Warya would not have been treated like this; TS inquired about the travel arrangements of the invited seminar. Shyam Kumar insulted