ഫോണ്‍ എന്റെ കയ്യില്‍ തന്നപ്പോ കിലുക്കത്തിലെ കിട്ടുണ്ണിയുടെ അവസ്ഥയായിരുന്നു; മോഹന്‍ലാലിന്റെ സര്‍പ്രൈസ് ഫോണ്‍ കോളിനെ കുറിച്ച് ഗാനരചയിതാവ് മനു മന്‍ജിത്
D Movies
ഫോണ്‍ എന്റെ കയ്യില്‍ തന്നപ്പോ കിലുക്കത്തിലെ കിട്ടുണ്ണിയുടെ അവസ്ഥയായിരുന്നു; മോഹന്‍ലാലിന്റെ സര്‍പ്രൈസ് ഫോണ്‍ കോളിനെ കുറിച്ച് ഗാനരചയിതാവ് മനു മന്‍ജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th December 2020, 7:34 pm

കൊച്ചി: അപ്രതീക്ഷിതമായി നടന്‍ മോഹന്‍ലാലുമായി സംസാരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗാനരചയിതാവും അഭിനേതാവുമായ മനു മന്‍ജിത്ത്. ഒരു സുഹൃദ് സംഭാഷണത്തിനിടെ ലാലേട്ടനുമായി വീഡിയോകോളില്‍ സംസാരിക്കാന്‍ പറ്റിയ അനുഭവം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്.

സുഹൃത്തുക്കളോടൊപ്പം ആലുവയിലെ ഒരു റെസ്റ്റോറന്റില്‍ പതിവ് ചര്‍ച്ചകള്‍ നടത്തുന്നതിനിടെ തന്റെ സുഹൃത്തിന്റെ ഫോണിലേക്ക് ഒരു വീഡിയോ കോള്‍ വരുന്നു. മറു തലയ്ക്കല്‍ സാറുണ്ടോ അടുത്ത് എന്ന ചോദ്യത്തിന് ഞാനിവിടുണ്ട് എന്ന് പറഞ്ഞ ലാലേട്ടന്റെ ശബ്ദം തന്റെ ഹൃദയമിടിപ്പ് പോലെയായിരുന്നുവെന്നും മനു ഫേസ്ബുക്കിലെഴുതി.

ലാലേട്ടനെ പരിചയപ്പെടുത്താനായി സുഹൃത്ത് ഫോണ്‍ തനിക്ക് നീട്ടിയപ്പോള്‍ കിലുക്കത്തില കിട്ടുണ്ണിയുടെ അവസ്ഥയായിരുന്നുവെന്നും ലോട്ടറി അടിച്ച സന്തോഷം പോലെ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു അതെന്നും മനു പറയുന്നു.

‘അതിന്റെ സ്‌ക്രീനിലേക്ക് നോക്കി ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. ‘ലാലേട്ടാ… മനു മന്‍ജിത്താണ്. പരിചയപ്പെട്ടിട്ടുണ്ട്. ലാല്‍ ജോസ് സാറിന്റെ സിനിമയില്‍ പാട്ടെഴുതിയിരുന്നു. അതിന്റെ സീനില്‍ ളോഹയിട്ട് ലാലേട്ടന്റെ അടുത്തുണ്ടായിരുന്നു…’അങ്ങനെ എന്തൊക്കെയോ… ഇത്രയും വൃത്തിയിലല്ല പറഞ്ഞു തീര്‍ത്തത് എന്നു മാത്രമറിയാം. പക്ഷേ മറുപടിയായി ആ ടിപ്പിക്കല്‍ ‘ലാലേട്ടന്‍ ചിരി’യില്‍ പൊതിഞ്ഞ് ‘ആ… ഓര്‍മ്മയുണ്ട്… ഓര്‍മ്മയുണ്ട്… വെളിപാടിന്റെ പുസ്തകത്തില്‍ ആലപ്പുഴയില്‍ വച്ചല്ലേ…? എന്തുണ്ട് വിശേഷം… സുഖമായിരിക്കുന്നോ ?’ എന്ന് തിരിച്ച് എന്നോട്, മനു ഫേസ്ബുക്കിലെഴുതി.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ടു ദിവസം മുന്‍പാണ്. തീര്‍ത്തും പേഴ്‌സണല്‍ ആയ ഒരു സന്തോഷം. വളരെ അപ്രതീക്ഷിതമായി സംഭവിച്ചത് കൊണ്ട് തന്നെയാവാം ആ നിമിഷങ്ങള്‍ തന്ന തരിപ്പ് ഇപ്പോഴും തിരിച്ചിറങ്ങാതെയിങ്ങനെ… ആലുവയിലെ ഒരു റെസ്റ്റോറന്റാണ് ലൊക്കേഷന്‍. സുഹൃത്തുക്കളായ ജ്യോതിയുടെയും സ്മിതയുടെയും കൂടെ മുന്നിലെ അല്‍ഫാമിനും റൊട്ടിക്കുമൊപ്പം ചില അന്താരാഷ്ട്ര പദ്ധതികള്‍ കൂടെ ചര്‍ച്ച ചെയ്യുന്ന ഞാന്‍…

ഏല്‍പിച്ച ഏതൊക്കെയോ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാത്തതിനു എന്നെ ചീത്ത പറഞ്ഞു കൊണ്ടേയിരിക്കുന്ന സ്മിതയുടെ ഫോണ്‍ റിംഗ് ചെയ്യുന്നു. സത്യത്തില്‍ ആശ്വാസത്തിന്റെ അലാറം മുഴങ്ങിയ പോലെ തോന്നി. സുഹൃത്തായ സജീവിന്റെ വീഡിയോ കോള്‍ ആണ്. സജീവിന് ആയിരം നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ കിട്ടിയ ഗ്യാപില്‍ വീണ്ടും എന്റെ അല്‍ഫാമിലേക്ക്. പെട്ടെന്ന് മറ്റെന്തൊക്കെയോ പറയുന്നതിനിടയില്‍ ഫോണില്‍ നോക്കി സ്മിതയുടെ ചോദ്യം… ‘സാറുണ്ടോ അടുത്ത് ?’ പറഞ്ഞു തീര്‍ന്നതും സ്വന്തം മിടിപ്പ് പോലെ എനിക്ക് പരിചയമുള്ള ഒരു ശബ്ദവും ചിരിയും. ‘ഹലോ… ഞാനിവിടുണ്ട്….’ ലാലേട്ടന്‍…. ദേ… മുന്നിലെ ഫോണില്‍… ജ്യോതിയുടെ കവിതാസമാഹാരം ‘കിളി മരം പച്ച’യുടെ വിശേഷങ്ങളും മറ്റും ചോദിക്കുന്നു. ഒടുവില്‍ ജ്യോതി ‘ലാലേട്ടാ… ഇവിടെ ഒരാള്‍ കൂടെയുണ്ടെ’ന്നു പറഞ്ഞ് ഫോണ്‍ എന്റെ കൈയില്‍ തരുന്നു. കിലുക്കത്തിലെ കിട്ടുണ്ണിയുടെ അവസ്ഥ.

കൈയില്‍ ലോട്ടറിക്കു പകരം ഫോണാണെന്നു മാത്രം. അതിന്റെ സ്‌ക്രീനിലേക്ക് നോക്കി ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. ‘ലാലേട്ടാ… മനു മന്‍ജിത്താണ്. പരിചയപ്പെട്ടിട്ടുണ്ട്. ലാല്‍ ജോസ് സാറിന്റെ സിനിമയില്‍ പാട്ടെഴുതിയിരുന്നു. അതിന്റെ സീനില്‍ ളോഹയിട്ട് ലാലേട്ടന്റെ അടുത്തുണ്ടായിരുന്നു…’ അങ്ങനെ എന്തൊക്കെയോ… ഇത്രയും വൃത്തിയിലല്ല പറഞ്ഞു തീര്‍ത്തത് എന്നു മാത്രമറിയാം. പക്ഷേ മറുപടിയായി ആ ടിപ്പിക്കല്‍ ‘ലാലേട്ടന്‍ ചിരി’യില്‍ പൊതിഞ്ഞ് ‘ആ… ഓര്‍മ്മയുണ്ട്… ഓര്‍മ്മയുണ്ട്… വെളിപാടിന്റെ പുസ്തകത്തില്‍ ആലപ്പുഴയില്‍ വച്ചല്ലേ…?
എന്തുണ്ട് വിശേഷം… സുഖമായിരിക്കുന്നോ ?’ എന്ന് തിരിച്ച് എന്നോട്.

യാ… മോനേ…! നാഡി ഞരമ്പുകള്‍ ഒന്നായി കോറസായി ‘ഇതു പോതും എനക്കേ… ഇതു പോതുമേ… വേറെന്ന വേണം’ പാടിയ മൊമെന്റ്. ജീവിതത്തില്‍ സര്‍പ്രൈസുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം കൂടുതല്‍ കൂടുതല്‍ അത്ഭുതങ്ങളെ കാത്തിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ്. അല്ലെങ്കിലും ഈ മനുഷ്യനെ കുറിച്ച് എഴുതാന്‍ ഇരുന്നപ്പോള്‍ ഈശ്വരന്‍ തോന്നിച്ച ഒരു വരി ‘വിസ്മയമെന്നതിന് ഞങ്ങള്‍ നല്‍കുന്ന മറുപേര്’ എന്നാണല്ലോ…! ജീവിതമെന്ന മഹാത്ഭുതമേ… നന്ദി…നന്ദി.. നന്ദി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Manu Manjith Says About Mohanlal