ഗംഭീറിന്റെയും രോഹിത്തിന്റെയും മണ്ടത്തരമാണ് കിവീസിനെതിരെയുള്ള തോല്‍വിക്ക് കാരണം; രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി
Sports News
ഗംഭീറിന്റെയും രോഹിത്തിന്റെയും മണ്ടത്തരമാണ് കിവീസിനെതിരെയുള്ള തോല്‍വിക്ക് കാരണം; രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd October 2024, 10:05 pm

ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 402 റണ്‍സ് നേടി പുറത്തായെങ്കിലും വമ്പന്‍ ലീഡ് നേടുകയായിരുന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 462 റണ്‍സിന് മടങ്ങിയപ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കുന്നത്.

ഇതോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ഗൗതം ഗംഭീറിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. മത്സരത്തിന് തെരഞ്ഞെടുത്ത പ്ലെയിങ് ഇലവനാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്നാണ് താരം പറഞ്ഞത്. മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ ഉള്‍പ്പെടുത്തേണ്ട സ്ഥാനത്ത് രണ്ട് ഫാസ്റ്റ് ബൗളറെ ഉള്‍പ്പെടുത്തിയതും ആര്‍ അശ്വിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനെക്കുറിച്ചുമാണ് തിവാരി സംസാരിച്ചത്.

മനോജ് തിവാരി പറഞ്ഞത്

‘ഇത്തരത്തിലൊരു ഇലവന്‍ തെരഞ്ഞെടുത്തതിന് പിന്നിലെ യുക്തി എനിക്ക് മനസിലാകുന്നില്ല. സാമാന്യബുദ്ധി കുറവായിരുന്നു. പരിശീലകനോ ക്യാപ്റ്റനോ എന്താണ് തെളിയിക്കാന്‍ ശ്രമിച്ചതെന്ന് എനിക്കറിയില്ല. ഒരു പുതിയ പരിശീലകനോ പുതിയ ക്യാപ്റ്റനോ വരുമ്പോഴെല്ലാം അവര്‍ പുതിയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു.

500ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടും അശ്വിന് വേണ്ടത്ര ഓവര്‍ നല്‍കിയില്ല. ഇന്ത്യ 107 റണ്‍സ് പ്രതിരോധിക്കുമ്പോള്‍ അദ്ദേഹം ബൗളിങ് ആരംഭിക്കേണ്ടതായിരുന്നു. ക്യാപ്റ്റന്‍മാര്‍ തെറ്റുകള്‍ വരുത്തുന്നു, അത്തരം സാഹചര്യങ്ങളില്‍ ഹെഡ് കോച്ചിന്റെ പങ്ക് പ്രധാനമാണ്. എന്തുകൊണ്ടാണ് ഗൗതം ഗംഭീര്‍ രോഹിത്തിനോട് ഒന്നും പറയാതിരുന്നതെന്ന് എനിക്കറിയില്ല,’ തിവാരി ക്രിക്ബസില്‍ പറഞ്ഞു.

അതേസമയം കിവീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ഓക്ടോബര്‍ 24 മുതല്‍ 28 വരെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക.

 

Content Highlight: Manoj Tiwari Talking About Gautham Gambhir And Rohit Sharma