സിനിമയില്‍ അഭിനയിക്കാന്‍ കഴിവുണ്ടായാല്‍ മാത്രം പോരെന്നും അത് തിരിച്ചറിയാന്‍ ഒരാളുണ്ടാകണമെന്നും നടന്‍ മനോജ് കെ.യു. തന്നെക്കാള്‍ കഴിവുള്ള ഒരുപാട് ആളുകള്‍ ഇന്നും സിനിമയ്ക്ക് പിന്നാലെ നടക്കുന്നുണ്ടെന്നും പക്ഷേ അവരെ തിരിച്ചറിയുന്ന ഒരു സംവിധായകന്‍ വേണമെന്നും അദ്ദേഹം പറയുന്നു.
മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. വലിയ വേഷം തനിക്ക് ചെയ്യാന്‍ സാധിക്കുമെന്നത് തിരിച്ചറിയുന്ന ആദ്യസംവിധായകന്‍ ‘തിങ്കളാഴ്ച്ച നിശ്ചയ’ത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘നമുക്ക് കഴിവുണ്ടായാല്‍ മാത്രം പോര, അത് തിരിച്ചറിയാന്‍ ഒരാളുണ്ടാകണം. ഒരുപക്ഷെ എന്നെക്കാള്‍ കഴിവുള്ള ഒരുപാട് ആളുകളുണ്ട്. അവര്‍ സിനിമയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്നുണ്ട്. ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്. പക്ഷേ അവരെ തിരിച്ചറിയുന്ന ഒരു സംവിധായകന്‍ വേണം.
ഒരുപക്ഷെ സെന്നയാകും എന്നെ തിരിച്ചറിയുന്ന ആദ്യ സംവിധായകന്‍. അതിന് മുമ്പ് ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അവരൊന്നും തിരിച്ചറിഞ്ഞില്ല എന്നല്ല. ഇത്രയും വലിയ വേഷം എനിക്ക് ചെയ്യാന്‍ സാധിക്കുമെന്നത് മനസിലാക്കുന്നത് സെന്നയാകും.
അതിന് മുമ്പ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലും (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25) ‘കപ്പേള’യിലും ‘ഓട്ടോറിക്ഷ’യിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ നല്ല വില്ലന്‍ വേഷമായിരുന്നു ചെയ്തത്. അതൊക്കെ ചെറിയ വേഷങ്ങള്‍ ആയിരുന്നു. അവിടെയൊന്നും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞില്ല.
‘തിങ്കളാഴ്ച്ച നിശ്ചയ’ത്തില്‍ പ്രേക്ഷകരെന്നെ തിരിച്ചറിഞ്ഞു. ‘പ്രണയ വിലാസം’ എന്ന സിനിമയിലൂടെ ഞാന്‍ എന്റെ സ്ഥാനം ഉറപ്പിച്ചു. ഈ മണ്ണ് (സിനിമ) എനിക്കും യോജിച്ചതാണെന്ന് ആ സിനിമയോടെ ഉറച്ചു.
എന്റെ സുഹൃത്തുക്കള്‍ പലരും പറഞ്ഞിട്ടുണ്ട് നീ ഇങ്ങനെ അഭിനയിക്കുമെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്ന്. അവര്‍ അത്ഭുതത്തോടെയാണത് നോക്കികാണുന്നത്. ഞാന്‍ മറുപടിയായി പറഞ്ഞത് എന്നെ മറ്റുള്ളവര്‍ മനസിലാക്കാന്‍ വൈകിപോയതാണ് എന്നാണ്. എനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല എന്നും. (ചിരിക്കുന്നു)