Entertainment
മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന നടനാണ് അദ്ദേഹം: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 28, 12:25 pm
Tuesday, 28th January 2025, 5:55 pm

ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് മനോജ് കെ. ജയന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹനടനായും പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ മനോജ് കെ. ജയന് സാധിച്ചു. മൂന്ന് തവണ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരം തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ മുരളിയെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. മുരളിയുടെ കൂടെ അഭിനയിച്ചപ്പോഴാണ് ഗിവ് ആന്‍ഡ് ടേക്ക് എന്നൊരു പരിപാടിയുണ്ടെന്ന് തനിക്ക് മനസിലായതെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. ഈയടുത്ത് തങ്ങള്‍ ഒരുമിച്ച് ചെയ്ത സിനിമകള്‍ എല്ലാം വീണ്ടും കണ്ടെന്നും അദ്ദേഹം അഭിനയത്തിലെ അനായാസത കണ്ട് അത്ഭുതപ്പെട്ടെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളാണ് മുരളി എന്ന നടന്‍ കൂടുതലും ചെയ്തിട്ടുള്ളതെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. അപാരമായിട്ടുള്ള നടനാണ് അദ്ദേഹമെന്നും ഏത് തരത്തിലുള്ള വേഷവും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. അത്രയും എക്‌സ്പീരിയന്‍സുള്ള നടനായിരുന്നു അദ്ദേഹമെന്നും താരതമ്യേന പുതുമുഖമായിട്ടുള്ള താന്‍ കൂടെ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

എന്നാല്‍ മുരളിയുമായി പേഴ്‌സണലായിട്ടുള്ള ബന്ധം തനിക്കില്ലെന്നും പലരും വിചാരിച്ചിരിക്കുന്നത് തങ്ങള്‍ നല്ല അടുപ്പത്തിലാണെന്നുമെന്ന് മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. കവിതകളും സാഹിത്യവുമായി നല്ല ബന്ധം പുലര്‍ത്തുന്ന നടനാണ് മുരളിയെന്നും തനിക്ക് അത്തരം കാര്യങ്ങളില്‍ അറിവില്ലെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘മുരളി ചേട്ടന്റെ കൂടെ ഞാന്‍ ചെയ്ത പടങ്ങള്‍ ഈയിടക്ക് ഞാന്‍ വീണ്ടും കണ്ടിരുന്നു. സത്യം പറഞ്ഞാല്‍ അഭിനയത്തില്‍ ഗിവ് ആന്‍ഡ് ടേക്ക് എന്നൊരു പരിപാടിയുണ്ടെന്ന് ഞാന്‍ മനസിലാക്കിയത് മുരളി ചേട്ടന്റെ കൂടെ അഭിനയിച്ചപ്പോഴാണ്. എത്ര അനായാസമായാണ് അദ്ദേഹം ഓരോ സിനിമയിലും അഭിനയിച്ചിരിക്കുന്നതെന്ന് തോന്നിപ്പോയി.

മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം കൂടുതലായും ചെയ്തിട്ടുള്ളത്. അത്തരം വേഷങ്ങളില്‍ അദ്ദേഹത്തെ വെല്ലാന്‍ വേറൊരു നടനില്ല. അപാരമായിട്ടുള്ള നടനാണ് മുരളി ചേട്ടന്‍. ഏത് തരത്തിലുള്ള വേഷവും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും. അത്രയും എക്‌സ്പീരിയന്‍സുള്ള നടന്റെ കൂടെ പിടിച്ചുനില്‍ക്കാന്‍ താരതമ്യേന പുതിയ ആളായിട്ടുള്ള ഞാന്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടു.

അത്തരത്തില്‍ മികച്ച വേഷങ്ങള്‍ മുരളി ചേട്ടന്റെ കൂടെ സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹവുമായി വലിയ ആത്മബന്ധമൊന്നും എനിക്കില്ല. ലൊക്കേഷനിലും മറ്റും വെച്ച് അത്യാവശ്യം സംസാരിക്കുമെങ്കിലും അതിനപ്പുറത്തേക്ക് ഞങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ല. പുള്ളി കവിതയും സാഹിത്യവും തമ്മില്‍ നല്ല ബന്ധം പുലര്‍ത്തുന്നയാളാണ്. ഞാനാണെങ്കില്‍ ഇത്തരം കാര്യത്തില്‍ വലിയ അറിവില്ലാത്തവനും. അതുകൊണ്ട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചിട്ടില്ല,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan shares the shooting experience with Murali