Entertainment news
ഉണ്ണിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, ആ സിനിമയുടെ സമയത്ത് ശരിയാക്കി എടുത്തത് ഞങ്ങളാണ്: മനോജ് കെ.ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 20, 06:22 pm
Sunday, 20th November 2022, 11:52 pm

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തില്‍ ഒരു പ്രധാന വേഷം മനോജ് കെ.ജയനും അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദനോടൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മനോജ് കെ.ജയന്‍. മല്ലുസിംഗ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഇതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചത്.

അന്ന് സെറ്റില്‍ വെച്ച് ഉണ്ണി മുകുന്ദനെ പറ്റിച്ചതിനേക്കുറിച്ച് പറയുകയാണ് മനോജ് കെ.ജയന്‍. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”ഉണ്ണി ആയിട്ടുള്ള സിനിമ ഭയങ്കര സന്തോഷമാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ കരിയര്‍ ബ്രേക്ക് എന്ന് പറയുന്നത് മല്ലുസിംഗ് ആണ്. ആ സിനിമക്ക് വേണ്ടി നാല്‍പ്പത് ദിവസം ഞങ്ങള്‍ പഞ്ചാബില്‍ കിടന്ന് തകര്‍ത്തതാണ്. അവന് ഒന്ന് ശരിയാക്കിയെടുത്തത് ഞങ്ങളാണ്. റാഗ് ചെയ്ത് നന്നാക്കി എടുത്തതാണ്.

അവന്‍ മോശക്കാരന്‍ ഒന്നുമല്ല എന്നാലും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അഹമ്മദാബാദില്‍ ആയതിന്റെ ഇന്നസെന്റ്‌സ് ഭയങ്കരമായിട്ട് ഉണ്ട്. അവിടന്ന് ഇങ്ങോട്ട് വന്ന മലയാളി പയ്യന്റെ ഇന്നസെന്റായിരുന്നു മുഴുവനും. സിനിമക്ക് അത്രയും ഇന്നസെന്റ്‌സിന്റെ ആവശ്യമില്ല.

അങ്ങനെ ഒരു ആത്മബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ട്. ബിജു മോനോനും ഞാനും കുഞ്ചാക്കോ ബോബനും സുരാജും ചേര്‍ന്ന് വലിയ പ്രാങ്ക് കൊടുത്തു. ഒരു സാധു പയ്യനായിരുന്നു ഉണ്ണി. അവനെ വിളിക്കുന്നു പോയി അഭിനയിക്കുന്നു അത് മാത്രമേ അറിയൂ.

ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ ശരിയാക്കി എടുത്തു. മേപ്പടിയാന്‍ സിനിമയുടെ സമയത്തും ഉണ്ണി എന്നെ അഭിനയിക്കാന്‍ വിളിച്ചിരുന്നു. അന്ന് എത്താന്‍ കഴിഞ്ഞില്ല എനിക്ക്,” മനോജ് കെ.ജയന്‍ പറഞ്ഞു.

അതേസമയം, നവാഗതനായ അനൂപ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തിരിക്കുന്നത്. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

മനോജ് കെ. ജയനും ഉണ്ണി മുകുന്ദനുമൊപ്പം ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, അരുണ്‍ ശങ്കരന്‍ പാവുമ്പ, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, കൃഷ്ണ പ്രസാദ്, ജോര്‍ഡി പൂഞ്ഞാര്‍, അനീഷ് രവി, ഗീതി സംഗീത, ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

content highlight: manoj. k. jayan about unni mukundan