പനാജി: ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. വിനോദ സഞ്ചാരികള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കരുതെന്നും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഗോവയില്‍ എത്തുന്ന ആഭ്യന്തര സഞ്ചാരികള്‍ ഭൂമിയിലെ മാലിന്യങ്ങളാണെന്ന കൃഷി മന്ത്രി വിജയ് സര്‍ദേശായിയുടെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
“മന്ത്രി മോശമായൊന്നും പറഞ്ഞില്ല. ഞാന്‍ മന്ത്രിയുമായി സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞതില്‍ കുറച്ച് ശരിയുണ്ട്.”
സര്‍ദേശായിയുടെ വിവാദ പരാമര്‍ശം ഗോവയുടെ ടൂറിസം മേഖലയെ യാതൊരുവിധത്തിലും ബാധിക്കുകയില്ലെന്നും പരീക്കര്‍ പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള ഉത്തരവാദിത്വമുള്ള വിനോദ സഞ്ചാരികളെ ഗോവ ഇഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആഭ്യന്തര വിനോദ സഞ്ചാരികളില്‍ മിക്കവരും നികൃഷ്ടരും ഭൂമിയിലെ മാലിന്യങ്ങളാണെന്നും ഉത്തരേന്ത്യന്‍ വിനോദ സഞ്ചാരികള്‍ ഗോവയെ ഹരിയാനയാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി വിജയ് സര്‍ദേശായി പറഞ്ഞിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഉത്തരവാദിത്വമില്ലാതെ എത്തുന്ന വിനോദ സഞ്ചാരികളെ നിയന്ത്രിക്കുക എന്നത് ദുസ്സഹമായ കാര്യമാണെന്നും ഇപ്പോള്‍ സംസ്ഥാനത്ത് ജനസംഖ്യയേക്കാള്‍ ആറ് മടങ്ങ് ജനങ്ങളാണ് വിനോദ സഞ്ചാരത്തിനായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി ഗോവയിലേക്കുള്ള വിനോദ സഞ്ചാരികളെ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.