ഹരിയാന: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദല്‍ഹി മാര്‍ച്ചിന് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്ന ആരോപണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. അമരീന്ദര്‍ സിംഗിന്റെ ഓഫീസ് ജീവനക്കാരാണ് സമരത്തിന് പിന്നിലെന്ന് ഖട്ടര്‍ പറഞ്ഞു.
‘ഇപ്പോള്‍ പ്രതിഷേധം നടത്തുന്നത് പഞ്ചാബിലെ കര്‍ഷകരാണ്. ഹരിയാനയിലെ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്മാറിക്കഴിഞ്ഞു. അവരോട് നന്ദിയുണ്ട്. ഇപ്പോള്‍ നടക്കുന്ന ദല്‍ഹി മാര്‍ച്ചിന് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ്. അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരാണ് ഇപ്പോള്‍ മാര്‍ച്ച് നയിക്കുന്നത്’, ഖട്ടര്‍ പറഞ്ഞു.
ഇതാദ്യമായല്ല ഖട്ടര്‍ അമരീന്ദര്‍ സിംഗും ഏറ്റുമുട്ടുന്നത്. പഞ്ചാബില്‍ കര്‍ഷകര്‍ സമാധാനപരമായാണ് മാര്‍ച്ച് നടത്തിയതെന്നും ഹരിയാന സര്‍ക്കാര്‍ അവരെ പ്രകോപിതരാക്കിയെന്നും അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ അമരീന്ദര്‍ സിംഗ് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് ഇളക്കിവിടുകയാണെന്നായിരുന്നു ഖട്ടറുടെ പ്രതികരണം.
അതേസമയം ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ദല്‍ഹി ചലോ മാര്‍ച്ചിന് ദല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേരാണ് ഇപ്പോഴും അതിര്‍ത്തികളില്‍ തുടരുന്നത്.
ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ കനത്ത പൊലീസ് കാവലാണ് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് രാജ്യ തലസ്ഥാനത്ത് തുടരമാമെന്നും ബുരാരിയിലെ നിരാങ്കരി ഗ്രൗണ്ടില്‍ പ്രതിഷേധിക്കാമെന്നുമാണ് ദല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്.
പൊലീസ് അനുമതിയെ തുടര്‍ന്ന് ഒരു വിഭാഗം കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടന്നിരുന്നു. എന്നാല്‍ ജന്തര്‍ മന്ദറിലോ രാംലീല മൈതാനയിലോ സമരം ചെയ്യാന്‍ ഇടം നല്‍കണമെന്ന ഉറച്ച നിലപാടിലാണ് വലിയൊരു വിഭാഗം കര്‍ഷകരും അതിര്‍ത്തിയില്‍ തുടരുന്നത്.