national news
വോട്ടർ പട്ടികയിൽ നിന്നും ഹിന്ദുക്കളുടെ പേര് നീക്കിയെന്നാരോപണം; കൊൽക്കത്തയിൽ ബി.ജെ.പി റാലിക്ക് അനുമതി നൽകി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 03, 03:02 am
Thursday, 3rd April 2025, 8:32 am

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്നും ഹിന്ദുക്കളുടെ പേരുകൾ നീക്കിയെന്നാരോപിച്ച് ബി.ജെ.പി നടത്താൻ തീരുമാനിച്ച റാലിക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി.

ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രഖ്യാപിച്ച  റാലിയിൽ  ടി.എം.സിയിൽ നിന്ന് ഹിന്ദു വോട്ടർമാരെ രക്ഷിക്കൂ എന്നാണ് ആവശ്യപ്പെടുന്നത്.  തൃണമൂൽ കോൺഗ്രസ് സർക്കാർ വോട്ടർ പട്ടികയിൽ നിന്ന് ഹിന്ദു പേരുകൾ നീക്കം ചെയ്തതായി ബി.ജെ.പി ആരോപിക്കുന്നു.

വിദ്യാർത്ഥികൾക്ക്  സ്കൂളിൽ  പോകാനും, പരീക്ഷകൾക്ക് പോകാനും ബുദ്ധിമുട്ടുണ്ടാകുമെന്നും ഗതാഗത തടസങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുവേന്ദു അധികാരി ആവശ്യപ്പെട്ട റൂട്ടിൽ റാലി നടത്താൻ കൊൽക്കത്ത പൊലീസ് ആദ്യം അനുമതി നൽകിയില്ല. പകരം ഒരു ബദൽ റൂട്ട് നിർദേശിച്ചു. പിന്നാലെ റാലിക്ക് അനുമതി ലഭിക്കാൻ സുവേന്ദു അധികാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് ധർമ്മതലയിലെ വൈ ചാനലിലേക്ക് റാലി നടത്താൻ കോടതി അനുമതി നൽകി. പരമാവധി 1,000 പേരെ പങ്കെടുപ്പിക്കാം. വൈകുന്നേരം നാല് മണിക്കും ആറ് മണിക്കും ഇടയിൽ പരിപാടി പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

റാലി വൈ ചാനലിൽ എത്തിയതിന് ശേഷം, വോട്ടർ പട്ടികയിൽ നിന്ന് ഹിന്ദു വോട്ടർമാരെ നീക്കം ചെയ്തതായുള്ള ആശങ്കകൾ വിശദീകരിച്ച് ഒരു കത്ത് സമർപ്പിക്കാൻ ബി.ജെ.പി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോകും.

അതേസമയം പശ്ചിമബംഗാളില്‍ രാമക്ഷേത്രത്തിന് സമാനമായി ഒരു ക്ഷേത്രം പണിയുമെന്ന് ബി.ജെ.പി എം.എല്‍.എ സുവേന്ദു അധികാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും ടി.എം.സി സർക്കാർ വെട്ടിമാറ്റിയെന്ന ആരോപണവുമായി സുവേന്ദു എത്തുന്നത്. തന്റെ മണ്ഡലമായ നന്ദിഗ്രാമില്‍ രാമനവമി ദിനത്തില്‍ ക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നാണ് ബി.ജെ.പി നേതാവിന്റെ വാദം.

എന്നാൽ രക്തസാക്ഷികളുടെ സ്മരണയ്ക്കായി ആശുപത്രി പണിയാനായി ആദ്യകാലത്ത് തീരുമാനിച്ച ഭൂമിയായിരുന്നു ഇതെന്നും ഇത്രയും കാലം ഭൂമി കൈവശം വച്ചതിന് ശേഷം സുവേന്ദു അധികാരി ആ സ്ഥലത്ത് രാമക്ഷേത്രം പണിയുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് വിമർശിച്ചിരുന്നു.

Content Highlight: Court allows BJP rally in Kolkata over Hindu names removal from voter list