Entertainment
റോഷാക്കിനെക്കാള്‍ കിടിലന്‍ ഐറ്റമാകും, നിസാം ബഷീര്‍- പൃഥ്വിരാജ് ചിത്രം നോബഡിക്ക് സംഗീതം നല്‍കാന്‍ ബോളിവുഡ്- തെലുങ്ക് സെന്‍സേഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 03, 02:38 am
Thursday, 3rd April 2025, 8:08 am

സംവിധായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും പൃഥ്വിരാജ് തന്റെ പൊട്ടന്‍ഷ്യല്‍ ബോക്‌സ് ഓഫീസിന്റെ റേഞ്ച് വ്യക്തമാക്കുകയാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി. കഴിഞ്ഞ വര്‍ഷം നടന്‍ എന്ന നിലയില്‍ രണ്ട് ചിത്രങ്ങളും വന്‍ വിജയമാക്കാന്‍ പൃഥ്വിരാജിന് സാധിച്ചു. ആടുജീവിതം 150 കോടി സ്വന്തമാക്കിയപ്പോള്‍ ഗുരുവായൂരമ്പല നടയില്‍ 90 കോടിക്കുമുകളില്‍ കളക്ട് ചെയ്തു.

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കാനും കഴിഞ്ഞ വര്‍ഷം പൃഥ്വിക്ക് സാധിച്ചു. ഈ വര്‍ഷം സംവിധായകനെന്ന നിലയിലും മികച്ച കുതിപ്പാണ് പൃഥ്വി നടത്തിയത്. മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍. 250 കോടിയോളം ചിത്രം ഇതിനോടകം സ്വന്തമാക്കി.

നായകനായി ഒരുപിടി മികച്ച പ്രൊജക്ടുകളാണ് പൃഥ്വിരാജിന്റെ ലൈനപ്പിലുള്ളത്. അതില്‍ എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് നോബഡി. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വലിയ ചര്‍ച്ചയായിരുന്നു. റോഷാക്ക് പോലെ മികച്ചൊരു ത്രില്ലറാകും നോബഡിയെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

ഇപ്പോഴിതാ ചിത്രത്തിന് സംഗീതമൊരുക്കാന്‍ തെലുങ്കില്‍ നിന്ന് ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ വേരുകളുള്ള ഹര്‍ഷവര്‍ദ്ധന്‍ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്കെത്തുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി മികച്ച പ്രൊജക്ടുകളില്‍ ഹര്‍ഷവര്‍ദ്ധന്‍ ഭാഗമായിട്ടുണ്ട്.

2023ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ അനിമലില്‍ ഹര്‍ഷവര്‍ദ്ധന്റെ സംഗീതം വലിയ ചര്‍ച്ചയായിരുന്നു. സിനിമയെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടായെങ്കിലും മ്യൂസിക് ഡിപ്പാര്‍ട്‌മെന്റിനെ പലരും പ്രശംസിച്ചു. ഒരേസമയം മാസ്സായും ക്ലാസ്സായും നല്‍കിയ ബി.ജി.എം. ട്രെന്‍ഡായി മാറി. ഹര്‍ഷവര്‍ദ്ധന്റെ മലാളത്തിലേക്കുള്ള എന്‍ട്രി മികച്ചതാകുമെന്നാണ് പലരും കരുതുന്നത്.

ചിത്രത്തിന്റെ ഷൂട്ട് ഈ വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. നോബഡി മാത്രമല്ല, പല വന്‍ പ്രൊജക്ടും പൃഥ്വിയുടെ ലൈനപ്പിലുണ്ട്. വിലായത്ത് ബുദ്ധ ഈ വര്‍ഷം പകുതിയോടെ റിലീസ് ചെയ്യും. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി, എന്നിവക്കൊപ്പം രാജമൗലിയുടെ എസ്.എസ്.എം.ബി 29, പ്രശാന്ത് നീലിന്റെ സലാര്‍ 2 എന്നിവയിലും പൃഥ്വി ഭാഗമാകുന്നുണ്ട്.

Content Highlight: Harshawardhan Rameshwar onboard for music in Prithviraj’s Nobody movie