Sports News
നീയൊക്കെ മാധ്യമപ്രവര്‍ത്തകനോ അതോ തിരക്കഥയെഴുതുന്നവനോ? മുംബൈ വിടുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സൂര്യ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 03, 02:27 am
Thursday, 3rd April 2025, 7:57 am

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ താന്‍ മുംബൈ വിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സൂര്യകുമാര്‍ യാദവ്. താന്‍ ടീം വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെല്ലാം തന്നെ വെറും അസംബന്ധമാണെന്നും സൂര്യ വ്യക്തമാക്കി.

തന്റെ എക്‌സ് പോസ്റ്റിലാണ് മുംബൈ വിടുന്നുവെന്ന വാര്‍ത്തകളോട് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചത്.

‘സ്‌ക്രിപ്റ്റ് റൈറ്ററോ അതോ മാധ്യമപ്രവര്‍ത്തകനോ? ഇനി ചിരിക്കണമെങ്കില്‍ ഞാന്‍ കോമഡി ഷോകളും സിനിമകളും കാണുന്നത് നിര്‍ത്തി ഇത്തരത്തിലുള്ള ആര്‍ട്ടിക്കിളുകള്‍ വായിക്കും. വെറും അസംബന്ധം’ സ്‌കൈ കുറിച്ചു.

യശസ്വി ജെയ്‌സ്വാള്‍ മുംബൈ വിട്ട് ഗോവയിലേക്ക് മാറുന്നുവെന്നും ഇതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സൂര്യ മുംബൈ വിടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എലീറ്റ് ഗ്രൂപ്പിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടതോടെ ഗോവ രാജ്യമെമ്പാടമുള്ള മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഗോവന്‍ ടീം ഹൈദരാബാദ് നായകന്‍ തിലക് വര്‍മയെയും സമീപിച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

അതേസമയം, യശസ്വി ജെയ്‌സ്വാള്‍ മുംബൈ വിടുകയാണെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഗോവ തനിക്ക് ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്‌തെന്ന് ജെയ്‌സ്വാള്‍ വെളിപ്പെടുത്തിയിരുന്നു. ടീം വിടുന്നതിനായി താരം മുംബൈ ക്രിക്കറ്റ് അസോസിയേഷന് മുമ്പില്‍ നോ ഒബജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.

 

താന്‍ ഇന്ന് എന്തെങ്കിലും ആയിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം മുംബൈ ആണെന്നും താന്‍ മുംബൈ ക്രിക്കറ്റ് അസിസോയിഷനോട് എക്കാലവും കടപ്പെട്ടിരിക്കുന്നവനാണെന്നും ജെയ്‌സ്വാള്‍ പറഞ്ഞു. എന്നാല്‍ ഗോവ തനിക്ക് മുമ്പില്‍ ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ജെയ്‌സ്വാള്‍.

‘എന്നെ സംബന്ധിച്ച് ഇത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം മുംബൈ ആണ്. ഈ നഗരമാണ് എന്നെ ഞാനാക്കി തീര്‍ത്തത്.

ഇതിന് എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് കടപ്പെട്ടവനായിരിക്കും. ഗോവ എനിക്ക് മുമ്പില്‍ പുതിയ അവസരങ്ങള്‍ തുറന്നിട്ടിട്ടുണ്ട്. അവര്‍ എനിക്ക് ലീഡര്‍ഷിപ്പ് റോളാണ് വാഗ്ദാനം ചെയ്തത്,’ ജെയ്‌സ്വാള്‍ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ടീം മാറുന്നതെന്നാണ് എന്‍.ഒ.സി ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് നല്‍കിയ കത്തില്‍ ജെയ്സ്വാള്‍ വ്യക്തമാക്കിയത്.

 

Content Highlight: Suryakumar Yadav slams report suggesting he could join Goa in domestic cricket