Kerala News
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്, പ്രതിഫലമായി ഒന്നര കോടി വാഗ്ദാനം; റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഒളിക്യാമറയില്‍ പള്‍സര്‍ സുനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 03, 02:54 am
Thursday, 3rd April 2025, 8:24 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുമായി പ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടന്‍ ദിലീപാണെന്നും പ്രതിഫലമായി ഒന്നര കോടി വാഗ്ദാനം ചെയ്തെന്നും പള്‍സര്‍ സുനി പറയുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയുടെ സ്ട്രിങ് ഓപ്പറേഷനിലാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍.

വാഗ്ദാനം ചെയ്ത ഒന്നര കോടിയില്‍ 80 ലക്ഷം ഇനിയും കിട്ടാനുണ്ടെന്നും പള്‍സര്‍ സുനി പറയുന്നു. അത്യാവശ്യം വരുമ്പോള്‍ ദിലീപില്‍ നിന്ന് കുറച്ച് കുറച്ചായി പണം വാങ്ങുകയാണ് ചെയ്യുന്നതെന്നും പള്‍സര്‍ സുനി പറയുന്നുണ്ട്.

ഒരു സിനിമയുടെ ചെലവിലാണ് പണം വാഗ്ദാനം ചെയ്തതെന്നും 70 ലക്ഷത്തോളം രൂപ ലഭിച്ചെന്നും പള്‍സര്‍ സുനി പറഞ്ഞു.

നടി ആക്രമിക്കപ്പെടുമ്പോള്‍ എല്ലാ വിവരവും തത്സമയം ഒരാള്‍ അറിഞ്ഞിരുന്നുവെന്നും തന്നെ ആക്രമിക്കാതിരുന്നാല്‍ എത്ര വേണമെങ്കിലും പണം നല്‍കാമെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നതായും സുനി പറയുന്നു. ആ പണം വാങ്ങിയിരുന്നെങ്കില്‍ താന്‍ ജയിലില്‍ പോകില്ലായിരുന്നുവെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ മറ്റ് ചിലരുടെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറഞ്ഞു.

അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പലതവണ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും കുറ്റബോധം ഉണ്ടാകണമെങ്കില്‍ തന്നോട് പറഞ്ഞ പോലെയെല്ലാം ചെയ്യണമായിരുന്നുവെന്നും അല്ലാതെ തന്നെയുള്ള കാര്യങ്ങളാണ് മെമ്മറി കാര്‍ഡിലുള്ളതെന്നും പള്‍സര്‍ സുനി പറഞ്ഞു.

നടിയെ ഏത് രീതിയില്‍ ആക്രമിക്കണമെന്ന് നിര്‍ദേശം ലഭിച്ചിരുന്നുവെന്നും സ്വമേധയാ സഹകരിക്കുന്നു എന്ന രീതിയിലായിരിക്കണം ദൃശ്യങ്ങള്‍ ലഭിക്കേണ്ടതെന്ന വിവരം നടിയോട് പറഞ്ഞിരുന്നതായും സുനി പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് തന്നെ വിട്ടയക്കണമെന്നും എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് നടി പറഞ്ഞതെന്നുമാണ് സുനിയുടെ വെളിപ്പെടുത്തലില്‍ നിന്ന് മനസിലാകുന്നത്.

പരോളിലിരിക്കെയാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി കൂടിയായ പള്‍സര്‍ സുനി വെളിപ്പെടുത്തല്‍ നടത്തുന്നത്. കേസിലെ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

2024 സെപ്റ്റംബറില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ദിലീപ് അടക്കമുള്ള മറ്റ് പ്രതികളെ കാണരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് എറണാകുളംപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു പള്‍സര്‍ സുനി പുറത്തിറങ്ങിയത്. സുപ്രീം കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.

പിന്നീട് ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിക്ക് വിടുകയായിരുന്നു. കേസ് അതിന്റെ വിചാരണയുടെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സുനിക്ക് ജാമ്യം ലഭിച്ചത്.

മുമ്പ് കേസിന്റെ വിചാരണവേളകളില്‍ സുനി മാധ്യമങ്ങളോട് ചില നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

കേസില്‍ ഇനിയും വമ്പന്‍ സ്രാവുകള്‍ പിടിയിലാവാനുണ്ടെന്നും മാഡം എന്ന് വിശേഷിപ്പിക്കുന്ന ഒരാള്‍ക്ക് കൂടി കൃത്യത്തില്‍ പങ്കുണ്ടെന്നും സുനി പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് മാധ്യമങ്ങളെ കാണുന്നത് കോടതി വിലക്കിയത്.

Content Highlight: Accused Pulsar Suni makes crucial revelation in actress attack case