2ജി ടെലികോം ലൈസന്‍സുമായി സഹകരിച്ചില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കുമെന്ന് മന്‍മോഹന്‍ സിങ് ഭീഷണിപ്പെടുത്തി: മുന്‍ ട്രായി തലവന്‍
Daily News
2ജി ടെലികോം ലൈസന്‍സുമായി സഹകരിച്ചില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കുമെന്ന് മന്‍മോഹന്‍ സിങ് ഭീഷണിപ്പെടുത്തി: മുന്‍ ട്രായി തലവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2015, 9:05 pm

manmohan-sing-01ന്യൂദല്‍ഹി:  2ജി ടെലികോം ലൈസന്‍സുമായി സഹകരിച്ചില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ ഭീഷണിപ്പെടുത്തിയതായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) മുന്‍ ചെയര്‍മാന്‍ പ്രദീപ് ബായിജന്‍. “ദി കംപ്ലീറ്റ് സ്റ്റോറി ഓഫ് ഇന്ത്യന്‍ റിഫോംസ്: 2ജി, പവര്‍ ആന്റ് പ്രൈവറ്റ് എന്റര്‍പ്രൈസ്-എ പ്രാക്റ്റീഷണേഴ്‌സ് ഡയറി” എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്.

അദ്ദേഹത്തിന്റെ അഭിപ്രായം കണക്കിലെടുക്കണമെന്നും മന്ത്രിമാര്‍ പറയുന്നത് അനുസരിക്കണമെന്നുമാണ് മന്‍മോഹന്‍ സിങ് പറഞ്ഞതെന്നും തന്റേതായ രീതിയില്‍ മുന്നോട്ട് പോയാല്‍ അത് തന്നെ ധാരാളം പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞതായി ബായിജന്‍ വ്യക്തമാക്കി. സഹകരിച്ചില്ലെങ്കില്‍ അതിന്റെ അനന്തരഫലം താന്‍ അനുഭവിക്കുമെന്ന് സി.ബി.ഐ പറഞ്ഞെന്നും മുന്‍ ട്രായി തലവന്‍ പറയുന്നു.

“ഞാന്‍ പറയുന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്. എന്തുകൊണ്ടാണ് നിങ്ങള്‍ മന്ത്രിമാരുമായി സഹകരിക്കാത്തത് ?” എന്ന് മന്‍മോഹന്‍ സിങ് ചോദിച്ചെന്ന് പറഞ്ഞ ബായിജന്‍ ഇതില്‍ എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് വ്യക്തമായി അറിയാമായിരുന്നെന്നും വ്യക്തമാക്കി. അരുണ്‍ ഷൗരി, രതന്‍ ടാറ്റ എന്നിവരെ കേസില്‍ ഉള്‍പ്പെടുത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. താന്‍ പറയുന്നതൊക്കെ സത്യമാണെന്നും അതിന് തന്റെ കൈയില്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.