ന്യൂദല്‍ഹി: കല്‍ക്കരി ഖനി അഴിമതിയുടെ പേരില്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മാന്യത കളഞ്ഞുകുളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.[]
കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പിയും മറ്റ് പ്രതിപക്ഷ അംഗങ്ങളും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചേരിചേരാ ഉച്ചകോടിയ്ക്കായി ടെഹ്‌റാനിലെത്തിയ പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്.
രാജിവെക്കാനായിരുന്നെങ്കില്‍ ചേരിചേരാ ഉച്ചകോടിക്ക് പോകുമായിരുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് സമയമില്ല. അതിനേക്കാള്‍ നല്ലത് മൗനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഞ്ച് വര്‍ഷത്തേക്കാണ് സര്‍ക്കാരിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി ജനവിധി മാനിക്കണം. പാര്‍ലമെന്ററി ജനാധിപത്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ജനശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുന:സംഘടനയിലൂടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മന്ത്രിസഭയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.