Entertainment
അദ്ദേഹത്തിന്റെ അര്‍പ്പണ ബോധവും ദീര്‍ഘവീക്ഷണവും എന്നെ വല്ലാതെ ഇംപ്രസ് ചെയ്തു: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 28, 03:36 am
Tuesday, 28th January 2025, 9:06 am

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ ആശിര്‍വാദ് സിനിമാസിനെ കുറിച്ചും ആന്റണി പെരുമ്പാവൂറിനെ കുറിച്ചും പറയുകയാണ് മഞ്ജു വാര്യര്‍. ആശിര്‍വാദിന്റെ എത്ര സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന കണക്ക് തനിക്ക് അറിയില്ലെന്നും താന്‍ ഇതുവരെ എണ്ണി നോക്കിയിട്ടില്ലെന്നുമാണ് നടി പറയുന്നത്.

ആശിര്‍വാദ് സിനിമാസ് 25 വര്‍ഷം പൂര്‍ത്തിയായ അവസരത്തില്‍ എമ്പുരാന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. ആന്റണി പെരുമ്പാവൂറിന്റെ അര്‍പ്പണ ബോധവും ദീര്‍ഘവീക്ഷണവുമൊക്കെ തന്നെ എപ്പോഴും വല്ലാതെ ഇംപ്രസ് ചെയ്തിട്ടുണ്ടെന്നും നടി പറയുന്നു.

‘എനിക്ക് വലിയ സന്തോഷമുണ്ട്. രണ്ട് സന്തോഷങ്ങളാണ് ഇപ്പോള്‍ എനിക്കുള്ളത്. ആശിര്‍വാദ് ഫിലിംസിന്റെ എത്ര സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട് എന്ന കണക്ക് സത്യമായിട്ടും എനിക്ക് അറിയില്ല. ഞാന്‍ ഇതുവരെ എണ്ണി നോക്കിയിട്ടില്ല.

ആശിര്‍വാദ് ഫിലിംസ് ഇപ്പോള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ആന്റണി ചേട്ടനും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്ന വലിയ ഒരു കൂട്ടായ്മയും അതിന്റെ പിന്നിലുണ്ട്. അവര്‍ക്ക് ഇനിയും ഒരുപാട് നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെയെന്നും അതില്‍ എനിക്കും ഭാഗമാകാന്‍ സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

ആന്റണി ചേട്ടന്റെ അര്‍പ്പണ ബോധവും ഒരു ദീര്‍ഘവീക്ഷണവും ഒക്കെ എന്നെ എപ്പോഴും വല്ലാതെ ഇംപ്രസ് ചെയ്തിട്ടുണ്ട്. ആന്റണി ചേട്ടന്റെ ഡെഡിക്കേഷനൊപ്പം ലാലേട്ടന്‍ എന്ന വലിയ വൃക്ഷത്തിന്റെ ആശിര്‍വാദത്തോടെ ആശിര്‍വാദ് ഫിലിംസിന് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പോകാന്‍ ആവട്ടെയെന്നും ആശംസിക്കുന്നു,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Manju Warrier Talks About Antony Perumbavoor