കലാകാരന്മാര്‍ ഉത്തരവാദിത്തം കാണിക്കണം, നിറത്തിന്റേയും വണ്ണത്തിന്റേയും പേരില്‍ ആരും പരിഹസിക്കപ്പെടരുത്; ബിനു അടിമാലിയെ തിരുത്തി മഞ്ജു പത്രോസ്
Entertainment news
കലാകാരന്മാര്‍ ഉത്തരവാദിത്തം കാണിക്കണം, നിറത്തിന്റേയും വണ്ണത്തിന്റേയും പേരില്‍ ആരും പരിഹസിക്കപ്പെടരുത്; ബിനു അടിമാലിയെ തിരുത്തി മഞ്ജു പത്രോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd December 2023, 3:57 pm

ബോഡി ഷെയ്മിങ് കോമഡികളെ ന്യായീകരിച്ച ബിനു അടിമാലിയെ വേദിയില്‍ വെച്ച് തന്നെ തിരുത്തി മഞ്ജു പത്രോസ്. ബിനു അടിമാലി പങ്കെടുക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് ഷോയിലെ ബോഡി ഷെയ്മിങ് തമാശകള്‍ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ഇതിനെ പറ്റിയാണ് പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് ബിനു അടിമാലി സംസാരിച്ചത്.

ഒന്നുമില്ലായ്മയില്‍ നിന്നും വരുന്നവരാണ് കലാകാരന്മാരെന്നും തമാശകള്‍ പറയുന്നത് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടിയാണെന്നും ബിനു അടിമാലി പറഞ്ഞു. ഓരോരുത്തരും വലിയ കഷ്ടത്തിലാണ് ജീവിക്കുന്നതെന്നും കലാകാരന്മാര്‍ എന്തെങ്കിലും പറയുമ്പോള്‍ അതിനെ കീറിമുറിക്കരുതെന്നും ബിനു പറഞ്ഞു.

‘ഒന്നുമില്ലായ്മയില്‍ നിന്നും വരുന്നവരാണ് ഈ കലാകാരന്മാരെല്ലാം. തമാശകള്‍ പറയുന്നത് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടിയാണ്. ഒരാള്‍ക്കെങ്കിലും സന്തോഷം കിട്ടട്ടെയെന്ന് കരുതിയാണ് ഇതെല്ലാം ചെയ്യുന്നത്. ഇതിനകത്ത് ബോഡി ഷെയ്മിങ്ങോ വ്യക്തിപരമായി ദ്രോഹിക്കുകയോ അല്ല. ഞങ്ങളെ ഇട്ട് വറക്കരുത്. ഓരോരുത്തരും വലിയ കഷ്ടത്തിലാണ് ജീവിക്കുന്നത്. കലാകാരന്മാര്‍ എന്തെങ്കിലും പറയുമ്പോള്‍ അതിനെ കീറിമുറിക്കരുത്. ബോഡി ഷെയ്മിങ് എന്ന് പറയുന്നൊരു സംഭവമില്ല,’ ബിനു പറഞ്ഞു.

ഇതിന് മറുപടിയായി ബോഡി ഷെയ്മിങ് തമാശകള്‍ പറയരുതെന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്. താനും ബോഡി ഷെയ്മിങ് അനുഭവിച്ച ആളാണെന്നും അത്തരം തമാശകള്‍ തനിക്ക് ആസ്വദിക്കാനാവില്ലെന്നും മഞ്ജു പറഞ്ഞു. പുറത്ത് ഇത്തരം തമാശകളുടെ പേരില്‍ വേദന അവനുഭവിക്കുന്ന മനുഷ്യരുണ്ടെന്നും കോമഡി പറയുമ്പോള്‍ കലാകാരന്മാര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

‘കലാകാരന്മാര്‍ അനുഭവിക്കുന്ന അതേ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരാളാണ് ഞാനും. ഓര്‍മ വെച്ച നാള്‍ മുതല്‍ എന്റെ നിറത്തേയും വണ്ണത്തേയും ആളുകള്‍ കളിയാക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട്. എന്താ കഴിക്കുന്നതെന്ന് ചോദിച്ച് തമാശ പറഞ്ഞിട്ടുണ്ട്. അത് ആസ്വദിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഞാനൊരു കുറഞ്ഞ വസ്തുവാണെന്ന ചിന്ത അന്ന് മുതലേ എന്റെ ഉള്ളിലേക്ക് ഇന്‍ജെക്ട് ചെയ്ത് തന്നിട്ടുണ്ട്. എനിക്ക് വേദനിച്ചിട്ടുണ്ട്. എന്നെ പോലെ ഒരു സമൂഹം ഇവിടെ ഉണ്ട്.

പല്ല് പൊങ്ങിയ ഒരാളുടെ ഫോട്ടോ ഫ്രെയിം ചെയ്യാന്‍ പറ്റില്ല, ചില്ല് പൊട്ടി പോവും എന്നൊരു തമാശ സുഹൃത്തുക്കള്‍ തമ്മില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കോമഡി പറയുമ്പോള്‍ ചുറ്റുമുള്ള സഹജീവികളെ കൂടി പരിഗണിക്കണം. എന്റെ മകന് ഡാര്‍ക്ക് സ്‌കിന്നാണ്. അവന്‍ അതിനെ പറ്റി ചിന്തിക്കാറില്ല. ഞാനനുഭവിച്ചത് അവന്‍ അനുഭവിക്കുമോ, ഇങ്ങനെ അപകടം പിടിച്ച സമൂഹത്തിലേക്കാണല്ലോ അവന്‍ പോകുന്നത് എന്നൊരു ആവലാതി എനിക്കുണ്ട്.

ഇനി വരുന്ന തലമുറയെങ്കിലും അവരുടെ നിറത്തിന്റെ പേരിലോ വണ്ണത്തിന്റെ പേരിലോ ശരീര ഭാഗങ്ങളുടെ പേരിലോ നാണം കെടാതെ ആത്മവിശ്വാസത്തോടെ ജീവിക്കണം. ആ ഉത്തരവാദിത്തം എവിടെ ചെന്ന് നില്‍ക്കുമ്പോഴും കലാകാരന്മാര്‍ കാണിക്കണം. അത്തരം വേദന അനുഭവിച്ചിട്ടുള്ള ആളായതുകൊണ്ട് എനിക്ക് ഇത് ആസ്വദിക്കാനേ സാധിക്കാറില്ല,’ മഞ്ജു പറഞ്ഞു.

മഞ്ജു തിരുത്തിയിട്ടും തന്റെ പ്രസ്താവനകളെ ബിനു അടിമാലി വീണ്ടും ന്യായീകരിച്ച് സംസാരിക്കുകയാണ് ചെയ്തത്. അതേസമയം വീഡിയോ പ്രചരിച്ചതോടെ മഞ്ജുവിനെ അഭിനന്ദിച്ച് ബിനു അടിമാലിയെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

Content Highlight: Manju Patros corrected Binu Adimali on stage on body shaming jokes