Entertainment news
പണവും പ്രശസ്തിയും ഉണ്ടാകുമ്പോള്‍ ആരോപണങ്ങള്‍ മനപൂര്‍വം ഉയര്‍ന്നുവരും: മഞ്ജിമ മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 13, 06:46 am
Tuesday, 13th December 2022, 12:16 pm

സോഷ്യല്‍ മീഡിയയില്‍ വരുന്ന ഗോസിപ്പുകള്‍ താന്‍ കാര്യമാക്കാറില്ലെന്ന് നടി മഞ്ജിമ മോഹന്‍. എന്നാല്‍ ചിലതൊക്കെ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജിമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളും ആരോപണങ്ങളും ഞാന്‍ ശ്രദ്ധിക്കാറില്ല. അതൊക്കെ അവരുടെ പണിയല്ലേ അവര്‍ ചെയ്യട്ടെ എന്നാണ് ഞാന്‍ കരുതുന്നത്. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് എന്റെ അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ഒരു സൈഡില്‍ പണവും പ്രശസ്തിയും കൂടുമ്പോള്‍ മറ്റൊരു സൈഡില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരും, അതൊരിക്കലും നമുക്ക് ഒഴിവാക്കാന്‍ പറ്റില്ലെന്ന്.

എന്നോട് വിശദീകരണം ഒന്നും ചോദിക്കാതെ ആളുകള്‍ ഗോസിപ്പുകള്‍ പറയുമ്പോള്‍ എനിക്ക് വിഷമം ഒന്നും തോന്നില്ല. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് അതല്ല. നമ്മളെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് കഴിഞ്ഞ് തെറ്റായ വാര്‍ത്ത കൊടുക്കുന്നവരുണ്ട്. അത് കാണുമ്പോഴാണ് പലപ്പോഴും എനിക്ക് വിഷമമാകുന്നത്.

നമ്മള്‍ക്ക് എല്ലാവരെയും വിളിച്ച് ഓരോ കാര്യങ്ങളും തെളിയിച്ച് കൊടുക്കാന്‍ പറ്റില്ല. പിന്നെ ഞാന്‍ ചിന്തിച്ച് തുടങ്ങി അവരൊക്ക അവര്‍ക്ക് ഇഷ്ടമുള്ളത് പറയട്ടെയെന്ന്. എന്നാല്‍ എന്നോട് നേരിട്ട് കാര്യങ്ങള്‍ അന്വേഷിക്കുന്നവരോട് ഞാന്‍ എല്ലാം വ്യക്തമായി പറയാറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്‍ എന്നെ വേദനിപ്പിക്കാറുണ്ട്.

ഗൗതം കാര്‍ത്തിക്കിന്റെ കാര്യം ആദ്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മ ചിരിച്ചു, എന്നിട്ട് ചോദിച്ചു ഓഹോ കല്യാണമാണോ ഞങ്ങളെ വിളിക്കുമോയെന്ന്. എന്നാല്‍ അച്ഛന് ചെറിയ വിഷമം തോന്നിയിരുന്നു. കാരണം അച്ഛന്‍ വര്‍ഷങ്ങളായി ഈ ഇന്‍ഡസ്ട്രിയിലുണ്ട്. അദ്ദേഹത്തെ കുറിച്ച് ആരും ഇതുവരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. പെട്ടെന്ന് കല്യാണത്തിന്റെ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ എല്ലാവരും അച്ഛനെ വിളിച്ച് അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു.

ആരെയും ഒന്നും അറിയിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളെ പോലും അറിയിച്ചിരുന്നില്ല. അമ്മയുടെ സഹോദരങ്ങള്‍ പോലും ഞങ്ങളെ കല്യാണം വിളിക്കുമോ എന്ന് ഫോണ്‍ വിളിച്ച് ചോദിച്ചിരുന്നു. അത് അച്ഛന് വലിയ വിഷമമായിരുന്നു,’ മഞ്ജിമ മോഹന്‍ പറഞ്ഞു.

CONTENT HIGHLIGHT: MANJIMA MOHAN ABOUT SOCIAL MEDIA GOSSIPS