കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ താരപദവിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇരിക്കുന്നതിന് പിന്നില്‍ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും വലിയ കഥയുണ്ടെന്ന് പറയുകയാണ് നടന്‍ മണിയന്‍പിള്ള രാജു.
പഴയ ചില ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള മനസ്സുതുറന്നത്.
”എങ്ങനെയുണ്ട് ആശാനെ എന്ന ചിത്രം ഷൂട്ട് ചെയ്യുന്ന സമയം. മമ്മൂക്ക അന്ന് ഉറക്കമില്ലാതെ അഭിനയിക്കുന്ന സമയമായിരുന്നു. പകല്‍ മുഴുവന്‍ അദ്ദേഹം വേറെ പടത്തില്‍ അഭിനയിക്കാന്‍ പോകും.
രാത്രി വന്ന് നമ്മുടെ പടത്തില്‍ അഭിനയിക്കും. അപ്പോള്‍ കഷ്ടം തോന്നും. രാത്രി അഭിനയിച്ച ശേഷം രാവിലെ ഞങ്ങളുടെ ആരുടെയങ്കിലും റൂമില്‍ വന്ന് ടൂത്ത് പേസ്റ്റ് ഒക്കെയെടുത്ത് ബ്രഷ് ചെയ്ത് അവിടുന്ന് അടുത്ത സെറ്റിലേക്ക് പോകും.
മമ്മൂട്ടിയും മോഹന്‍ലാലും ഈ പദവിയില്‍ എത്തിയതിന് പിന്നില്‍ ഇത്രയധികം കഷ്ടപ്പാടുണ്ടായിരുന്നു എന്നാണ് പറഞ്ഞുവന്നത്. അന്നൊന്നും ഈ പറയുന്ന ശമ്പളവും കിട്ടത്തില്ല. നമ്പര്‍ 20 മദ്രാസ് മെയില്‍ ഷൂട്ട് ചെയ്യുന്ന സമയം.
ട്രെയിനിന് അകത്തായിരുന്നു 22 ദിവസവും. ഫുള്‍ നൈറ്റും ഷൂട്ടായിരുന്നു. മമ്മൂട്ടി അന്ന് മൃഗയ സിനിമ സെറ്റിലാണ്. അവിടുന്ന് ഷൂട്ട് കഴിഞ്ഞ് മമ്മൂട്ടി ആറുമണിക്ക് കാറില്‍ നമ്മുടെ സെറ്റിലേക്ക് വരും.
പാലക്കാട് തന്നെയായിരുന്നു മൃഗയയുടെ ഷൂട്ടിംഗ്. ഞങ്ങളുടെ ലൊക്കേഷനും പാലക്കാട് തന്നെയായിരുന്നു. ഞങ്ങള്‍ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ പോകുമ്പോള്‍ പുള്ളി ഏതെങ്കിലും സ്റ്റേഷനില്‍ നിന്ന് കയറും.
അങ്ങനെ ആ 22 ദിവസവും മമ്മൂക്ക വെളുപ്പിന് ആറുമണിവരെ അഭിനയിക്കും. എന്നിട്ട് രാവിലെ അവിടെ നിന്ന് കുളിച്ച് ഫ്രഷായി മൃഗയയുടെ സെറ്റിലേക്ക് പോകും. അങ്ങനെ 22 ദിവസം പുള്ളി ഉറങ്ങിയിട്ടില്ല,’ മണിയന്‍പിള്ള പറഞ്ഞു.