നാസി ജര്‍മ്മനിയെ ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ജെ.എന്‍.യുവില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. ഭരണാധികാരികള്‍ പദ്ധതിയിട്ട് നടപ്പാക്കുന്ന ഫാസിസമാണ് അരങ്ങേറുന്നത് എന്നതില്‍ സംശയമില്ലെന്നും അത് തന്നെയാണ് ഹിറ്റ്‌ലര്‍ തന്റെ യുവ പോരാളികളെക്കൊണ്ട് നടപ്പിലാക്കിയതെന്നും തിവാരി ട്വീറ്റ് ചെയ്തു.
മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. നിരവധിപ്പേരാണ് അക്രമത്തെ അപലപിച്ച് രംഗത്തെത്തിയത്.
ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
ദല്‍ഹി പൊലീസ് ഇതുവരെയും ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ല. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയാണ്. ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുന്നത്.