മണിരത്‌നം തോറ്റയിടത്ത് വിജയിച്ച് ബ്ലെസി
Entertainment
മണിരത്‌നം തോറ്റയിടത്ത് വിജയിച്ച് ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th March 2024, 3:46 pm

ഇന്ത്യന്‍ സിനിമയില്‍ പല നോവലുകളും സിനിമയാക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് സ്വര്‍ണമെഡല്‍ നേടിയ മലയാളസിനിമ ചെമ്മീന്‍ പോലും നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. അതിന് ശേഷവും നിരവധി നോവലുകള്‍ സിനിമയാക്കപ്പെട്ടു. അവയില്‍ ഒരു ഇന്‍ഡസ്ട്രിയുടെ കാത്തിരിപ്പെന്ന് പറയാന്‍ കഴിയുന്ന സിനിമകളാണ് പൊന്നിയിന്‍ സെല്‍വനും ആടുജീവിതവും. ഇതില്‍ പൊന്നിയിന്‍ സെല്‍വന്‍ സിനിമയായപ്പോള്‍ നോവലിനോട് നീതി പുലര്‍ത്താന്‍ കഴിയാതെ വരികയും ആടുജീവിതം നോവലിനോട് പൂര്‍ണമായും നീതി പുലര്‍ത്തുകയും ചെയ്തു.

കല്‍ക്കി കൃഷ്ണമൂര്‍ത്തി 1950ല്‍ രചിച്ച ഇതിഹാസതുല്യമായ നോവലാണ് പൊന്നിയിന്‍ സെല്‍വന്‍. അഞ്ച് ഭാഗങ്ങളിലായി പുറത്തിറങ്ങിയ നോവല്‍ ഒരു ഹിസ്റ്റോറിക് ഫിക്ഷനാണ്. തമിഴ് ജനതയുടെ സംസ്‌കാരത്തെ കൃത്യമായി അടയാളപ്പെടുത്തിയ പൊന്നിയിന്‍ സെല്‍വനെ അവര്‍ മഹത്തരമായാണ് കാണുന്നത്. ചതി, പ്രണയം, പക, രാജ്യസ്‌നേഹം, സൗഹൃദം തുടങ്ങി നിരവധി വികാരതലങ്ങളില്‍ കൂടി നോവല്‍ സഞ്ചരിക്കുന്നുണ്ട്.

നോവലിനെ സിനിമയാക്കാന്‍ എം.ജി.ആറും, കമല്‍ ഹാസനും ശ്രമിച്ചിട്ട് നടക്കാതെ പോയിരുന്നു. മണിരത്‌നം പോലും രണ്ട് തവണ ശ്രമിച്ചു നോക്കിയ ശേഷമാണ് സിനിമയാക്കാന്‍ സാധിച്ചത്. എന്നാല്‍ സിനിമരൂപത്തില്‍ വന്നപ്പോള്‍ പലയിടത്തും നോവലിന്റെ ആത്മാവ് നഷ്ടപ്പെടുന്നതാണ് കണ്ടത്. പല പ്രധാന കഥാപാത്രങ്ങളെയും സംഭവങ്ങളെയും മാറ്റി കഥയെ പൊളിച്ചെഴുതുകയായിരുന്നു മണിരത്‌നവും, തിരക്കഥാകൃത്ത് ഇളങ്കോ കുമരവേലും.

നോവലില്‍ എവിടെയും പറയാത്ത ഒരു യുദ്ധരംഗം കൊമേഴ്‌സ്യല്‍ വിജയത്തിനായി സിനിമയില്‍ ഉള്‍പ്പെടുത്തിയതും വിമര്‍ശനത്തിനിടയായി. ഒരിക്കലും രണ്ട് ഭാഗങ്ങളില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയാത്ത കഥയാണ് പൊന്നിയിന്‍ സെല്‍വന്റേത്. നിരവധി കഥാപാത്രങ്ങള്‍ കടന്നുവരുന്ന നോവലിലെ പല പ്രധാന ഭാഗങ്ങളും മണിരത്‌നം ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും ബ്രഹ്‌മാണ്ഡ മേക്കിങ്ങായിരുന്നു സിനിമയുടേത്.

പ്രണയരംഗങ്ങളും ഇമോഷണല്‍ രംഗങ്ങളും മികച്ച രീതിയില്‍ തന്നെയായിരുന്നു മണിരത്‌നം എടുത്തുവെച്ചത്. എന്നിരുന്നാലും ആകെത്തുകയില്‍ നോവലിന്റെ ആത്മാവിനോട് നീതി പുലര്‍ത്തുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു.

മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നാണ് ആടുജീവിതം. നജീബ് എന്ന വ്യക്തി മരുഭൂമിയില്‍ അനുഭവിച്ച യാതനകള്‍ തന്റേതാക്കി ബെന്യാമിന്‍ എഴുതിയപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് മികച്ച വായനാനുഭവമായിരുന്നു. 2008ല്‍ പുറത്തിറങ്ങിയ നോവല്‍ സിനിമയാക്കുന്നുവെന്ന് ബ്ലെസി അപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷത്തോളമെടുക്കുകയും ഷൂട്ട് തീരാന്‍ ഏഴ് വര്‍ഷമെടുക്കുകയും ചെയ്തു. നജീബ് എന്ന കഥാപാത്രമാകാന്‍ പൃഥ്വി തന്റെ ശരീരഭാരം 30 കിലോയോളം കുറച്ചതും ചര്‍ച്ചയായി. ഒടുവില്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ ഗംഭീരമെന്നാണ് പറഞ്ഞത്. നോവലിലെ ചില പ്രധാന ഭാഗങ്ങള്‍ ഇല്ലാത്തതും, നോവലില്‍ ഇല്ലാത്ത ഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതും ആസ്വാദനത്തെ ഒരുതരത്തിലും ബാധിച്ചില്ല.

നോവല്‍ വായിച്ചവര്‍ മനസില്‍ ഉണ്ടാക്കിവെച്ച വിഷ്വല്‍ ഇമാജിനേഷനപ്പുറം സിനിമ ഒരുക്കുക എന്നത് പലപ്പോഴും സാധിക്കാത്ത കാര്യമാണ്. എന്നാല്‍ അതിന് മേലെ പോകാന്‍ വരെ ബ്ലെസിക്ക് സാധിച്ചു. മണിരത്‌നത്തിന് പോലും ചെയ്യാന്‍ സാധിക്കാത്ത കാര്യമാണത്. എല്ലാ തരത്തിലും മലയാളസിനിമക്ക് അഭിമാനിക്കാനുള്ള അവസരമാണത്.

Content Highlight: Maniratnam failed to justify with Ponniyin Selvan novel and Blessy did that in Aadujeevitham