Film News
പ്രൊഡ്യൂസറെ അന്വേഷിച്ച് ഞാനും സംവിധായകനും മടുത്തു, പിന്നെ അറിയുന്നത് സൗബിനെ വെച്ച് സിനിമ മുന്നോട്ട് പോകുന്നെന്നാണ്: മണികണ്ഠന്‍ ആചാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 26, 10:41 am
Friday, 26th August 2022, 4:11 pm

ഇലവീഴാപൂഞ്ചിറയില്‍ താനായിരുന്നു നായകനാവേണ്ടിയിരുന്നതെന്ന് മണികണ്ഠന്‍ ആചാരി. താനും ഷാഹി കബീറും ഒരുപാട് പ്രൊഡ്യൂസര്‍മാരെ അന്വേഷിച്ചെങ്കിലും കിട്ടിയില്ലെന്നും പിന്നീട് താന്‍ അറിയുന്നത് സൗബിനെ വെച്ച് സിനിമ മുമ്പോട്ട് പോയെന്നുമാണെന്ന് ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മണ്കണ്ഠന്‍ പറഞ്ഞു.

‘ഇലവീഴാപൂഞ്ചിറയുടെ കഥ ഷാഹി കബീര്‍ തൃപ്പൂണിത്തുറയിലുള്ള എന്റെ ഫ്‌ളാറ്റില്‍ വന്നിട്ടാണ് ആദ്യം പറയുന്നത്. ചിത്രത്തിന്റെ ഓരോ ഡെവലപ്‌മെന്റും ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഞാനും സുധി കോപ്പയും എന്നുള്ള രീതിയിലാണ് ആലോചിച്ച് പോയത്. അതിന് പ്രൊഡ്യൂസറിനെ അന്വേഷിച്ച് അന്വേഷിച്ച് എനിക്കും ഷാഹി കബീറിനും മതിയായി. മാര്‍ക്കറ്റ് ഇല്ലാത്തതുകൊണ്ടാണ് നമുക്ക് പ്രൊഡ്യൂസറെ കിട്ടാത്തത്.

പിന്നീട് ഞാന്‍ അറിയുന്നത് സൗബിനെ വെച്ചിട്ട് സിനിമ മുമ്പോട്ട് പോകുന്നു എന്നാണ്. അതിന്റെ കാരണമിതാണ്, പ്രൊഡ്യൂസറെ കിട്ടുന്നില്ല. വ്യക്തി എന്ന നിലയില്‍ സൗബിന്‍ എന്നെക്കാളും ഒരുപാട് ഉയരത്തിലാണ്. എന്നാല്‍ നടന്‍ എന്ന നിലയില്‍ സൗബിനെക്കാള്‍ താഴെയാണ് ഞാന്‍ എന്ന് പറയാന്‍ എന്നിലെ നടന്‍ സമ്മതിക്കുന്നില്ല. അല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് പറയണം. ആ കഥാപാത്രം മണി ചെയ്താല്‍ ശരിയാവില്ല. മണിയുടെ കയ്യില്‍ നിക്കില്ല എന്ന് പറയാവുന്നതേയുള്ളൂ. അങ്ങനെയാണെങ്കില്‍ എനിക്ക് അത് മനസിലാവും.

പക്ഷേ എന്നെ മാറ്റിചിന്തിക്കാനുള്ള കാരണം എന്റെ കഴിവ് കുറവല്ല. എനിക്ക് സാറ്റലൈറ്റ് മാര്‍ക്കറ്റ് വാല്യു ഇല്ല എന്നതാണ്. ഈ വാല്യു എങ്ങനെയാണ് ഉണ്ടാക്കേണ്ടത്. ഇതാരാണ് തരുന്നത്. അതാണെന്റെ ചോദ്യം,’ മണ്കണ്ഠന്‍ ആചാരി പറഞ്ഞു.

‘ഇതൊന്നും ആരും സംഘടിതമായി ചെയ്യുന്നതല്ല. എന്റെ മാത്രം പ്രശ്‌നവുമല്ല ഞാന്‍ പറയുന്നത്. എന്റെ പുറകെ വരുന്നവര്‍ക്ക് വേണ്ടി കൂടിയാണ്. തന്നെ പ്രൊഡ്യൂസ് ചെയ്യാന്‍ എന്റെ കയ്യില്‍ കാശില്ല. ഞാനൊരു പാരമ്പര്യ നടനല്ല. എന്റെ മുത്തശ്ശന്റെ മുത്തശ്ശന്‍ എം.ടി. രാമറാവുവും എന്റെ മുത്തശ്ശന്‍ ശിവാജി ഗണേശനും എന്റെ അച്ഛന്‍ രജിനികാന്തുമല്ല. എന്റെ കുടുംബത്തിലെ ആദ്യത്തെ സിനിമാ നടന്‍ ഞാനാണ്. ഇവിടെ നിന്ന് കിട്ടുന്ന കാശ് കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Manikandan Achari said that he should have been the hero in Ilavizhapoonchira