'വില്ലനായി ഒരു രോഗം, വട്ടുള്ള ഡോക്ടര്‍'; 'ചാത്തനേറ്' എന്ന ആശയം മണിച്ചിത്രത്താഴ് എന്ന സിനിമയായതിനെക്കുറിച്ച് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍
Entertainment
'വില്ലനായി ഒരു രോഗം, വട്ടുള്ള ഡോക്ടര്‍'; 'ചാത്തനേറ്' എന്ന ആശയം മണിച്ചിത്രത്താഴ് എന്ന സിനിമയായതിനെക്കുറിച്ച് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th May 2021, 7:34 pm

മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മണിച്ചിത്രത്താഴ് എന്ന ചിത്രം. എന്നാല്‍ ‘ചാത്തനേറ്’ എന്ന ചെറിയൊരു മിത്തില്‍ നിന്നാണ് മണിച്ചിത്രത്താഴ് എന്ന സൈക്കോളജിക്കല്‍ ചിത്രത്തിന്റെ പിറവിയെന്ന് ഓര്‍ത്തെടുത്ത് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍.

മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് പ്ലാറ്റ് ഫോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ചാത്തനേറ് എന്ന ചെറിയ ആശയവുമായാണ് തിരക്കഥാകൃത്ത് മധുമുട്ടം ഫാസിലിന്റെ അടുത്തെത്തുന്നത്. അതായത് അയല്‍വക്കത്തെ വീട്ടില്‍ നിന്ന് കല്ലെറിയുന്നതാണ്. ആരെങ്കിലും എറിയുന്നതാവും. എന്നാല്‍ ആരാണെന്ന് അറിയില്ല. ഈ ആശയം വെച്ച് മൂന്ന് വര്‍ഷം നീളുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ സിനിമയുടെ കഥ പൂര്‍ത്തിയാകുന്നത്,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.

മണിച്ചിത്രത്താഴ് വിജയിക്കുമെന്ന് അറിയാമായിരുന്നെങ്കിലും 30 വര്‍ഷമായിട്ടും ആള്‍ക്കാരുടെ ഉള്ളില്‍ നില്‍ക്കുന്ന ഒരു ചിത്രമാകുമെന്ന് അറിയില്ലായിരുന്നെന്നും അപ്പച്ചന്‍ പറഞ്ഞു.

‘നിരവധി തമാശകളുള്ള ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാലുണ്ട്, വട്ടുള്ള ഒരു ഡോക്ടര്‍, ഒരു കഥ കിടപ്പുണ്ട്, ശോഭനയുണ്ട്, വില്ലനായിട്ട് ഒരു രോഗമാണ് എന്നതിനാലൊക്കെ ഈ ചിത്രം വിജയിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ 30 വര്‍ഷം കഴിഞ്ഞിട്ടും ഇത് ചര്‍ച്ച ചെയ്യപ്പെടും എന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല,’ അപ്പച്ചന്‍ പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ ഡോ. സണ്ണിയും ഗംഗയും നകുലനും നാഗവല്ലിയുമെല്ലാം ഇന്നും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രങ്ങളാണ്.

1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ മണിച്ചിത്രത്താഴ് നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചിരുന്നു.

വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ എല്ലാ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highliht: Manichithrathazhu movie making story explained by Swargachithra Appachan