വടകര: ദളിതര്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ആര്‍.എം.പി.ഐ പോരാട്ടം ശക്തമാക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മംഗത്‌റാം പസ്‌ല. ടി.പി ചന്ദ്രശേഖരന്‍ ആറാം രക്തസാക്ഷിദിനത്തിന്റെ ഭാഗമായി ഓര്‍ക്കാട്ടേരിയില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗരഹിത സമൂഹമെന്ന ആശയത്തോടൊപ്പം ജാതിവ്യവസ്ഥയില്ലാത്ത സമൂഹവും കെട്ടിപ്പടുക്കുകയെന്നതാണ് ആര്‍.എം.പി.ഐ ലക്ഷ്യമിടുന്നത്. മോദി ഭരണത്തില്‍ ദളിതരും ദരിദ്രരും സ്ത്രീകളും ന്യൂനപക്ഷങ്ങളും അടിച്ചമര്‍ത്തപ്പെടുകയാമ്. അതിനെതിരെ അണിനിരക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച കോണ്‍ഗ്രസുമായി സഖ്യംവേണമോ വേണ്ടയോ എന്നതായിരുന്നു. രാജ്യത്തിലെ തൊഴിലാളിവര്‍ഗം നേരിടുന്ന പ്രശ്‌നങ്ങളൊന്നും അവിടെ ചര്‍ച്ചയായില്ല.
ഒടുവില്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് തീരുമാനമായി. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയാണ് സി.പി.ഐ.എം. അതാണ് ബംഗാളില്‍ നടപ്പാക്കുന്നത്. അവിടെ പാര്‍ട്ടി സെക്രട്ടറി കോണ്‍ഗ്രസ് നേതാക്കളെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചെന്നാണ് വാര്‍ത്തകള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവഉദാരീകരണ നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസുമായി ഒരിക്കലും സഖ്യം പാടില്ല. ആര്‍.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രീയം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം എതിര്‍ക്കപ്പെടേണ്ട ഒന്നല്ല. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുകയാണ് അത്യാവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തേണ്ട ഈ സമയത്ത് കേരളത്തില്‍ സി.പി.ഐ.എം ആര്‍.എം.പി.ഐയെ വേട്ടയാടുകയാണെന്നും മംഗത്‌റാം പസ്‌ല പറഞ്ഞു. ആര്‍.എം.പി.ഐയുടെ ഓഫീസ് ആക്രമിച്ചു. ഒട്ടേറെ പ്രവര്‍ത്തകരെ ആക്രമിച്ചു. കെ.കെ രമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി. ഈ രീതി ശരിയല്ലെന്നും ഇത് തുടരുകയാണെങ്കില്‍ സി.പി.ഐ.എം തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മേളനത്തില്‍ ആര്‍.എം.പി.ഐ ജില്ലാ സെക്രട്ടറി കെ.പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി അഖിലേന്ത്യാ നേതാക്കളായ ഹര്‍കമല്‍ സിങ്, പരജിത് പെ, ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു, പാര്‍ട്ടി നേതാക്കളായ ടി.എല്‍ സന്തോഷ്, കെ.കെ രമ, പി. കുമാരന്‍കുട്ടി, കെ.കെ ജയന്‍, കെ.കെ മാധവന്‍, കെ.സി ഉമേഷ് ബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി വെള്ളികുളങ്ങരയില്‍ നിന്നും ഓര്‍ക്കാട്ടേരിയിലേക്ക് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു.