Movie Day
മുല്ലബസാറിലെ അബൂബിന്റെ സൂഫി ചിലപ്പോഴൊക്കെ അയാള്‍ തന്നെയാണെന്ന് തോന്നിയിട്ടുണ്ട് | മനീഷ് നാരായണന്‍
മനീഷ് നാരായണന്‍
2020 Dec 24, 02:45 am
Thursday, 24th December 2020, 8:15 am

മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളിലൊന്നാണ് ഷാനവാസിന്റെ കരി. കേരളീയ സമൂഹത്തിലും മലയാളിയുടെ ഉപബോധത്തിലും വാലറ്റും വേരറ്റും പോകാത്ത ജാതിചിന്തയുടെ ദൃശ്യരേഖ. കേരളത്തിന്റെ ഫിലിം ഫെസ്റ്റിവലും ചലച്ചിത്ര പുരസ്‌കാരങ്ങളുമെല്ലാം ഒരു പോലെ ആട്ടിപ്പുറത്താക്കിയ സിനിമ.

കരി കണ്ടാണ് ഷാനവാസിനോട് സംസാരിച്ച് തുടങ്ങുന്നത്. ഫിലിം സൊസൈറ്റിയും ചുരുക്കം ചലച്ചിത്രകൂട്ടായ്മകളും, കാഴ്ചയും ഉള്‍പ്പെടുന്ന വേദികള്‍ക്ക് പുറത്ത് തിരസ്‌കരിക്കപ്പെടുന്നതിന്റെ നിരാശ ഷാനവാസിലുണ്ടായിരുന്നു. അടുത്ത സിനിമയെങ്കിലും തിയറ്ററില്‍ ആളുകളെ കാണിക്കാനാകണമെന്ന് ആഗ്രഹിച്ചിരുന്നു.

‘റൂഹ്’ എന്ന പേരിലുള്ള സ്‌ക്രിപ്റ്റുമായാണ് പിന്നെ ഷാനവാസിനെ കണ്ടത്. സൂഫിയും സുജാതയുമെന്ന പേരില്‍ പിന്നീട് പുറത്തുവന്ന സിനിമയുടെ ആദ്യ സ്‌ക്രിപ്റ്റിന്റെ കോപ്പി ഇപ്പഴും വീട്ടിലുണ്ട്. ആ തിരക്കഥ ഏറെ മാറ്റങ്ങളോടെയാണ് സൂഫിയായത്. മരണനേരത്ത് കൂട്ടികെട്ടാന്‍ രണ്ടാമതൊരു തള്ളവിരലില്ലാത്ത സൂഫിയുടെ സീനൊക്കെ വായിച്ച് ഉള്ള് വിറച്ച് പോയിട്ടുണ്ട്.

ആമസോണ്‍ പ്രിമിയറില്‍ കാത്തിരുന്നാണ് സൂഫി കണ്ടത്. തൊട്ടടുത്ത ദിവസം അട്ടപ്പാടിയില്‍ നിന്ന് ഷാനവാസ് വിളിച്ചു. അടുത്തടുത്ത ദിവസങ്ങളില്‍ പിന്നെയും സംസാരിച്ചു. റേഞ്ചില്ലായ്മയില്‍ വോയ്സ് നോട്ടുകള്‍. ആ സിനിമകളിലൊന്നും തൃപ്തനാകാത്ത ഇനിയാണ് കൊള്ളാവുന്ന സിനിമ ചെയ്യേണ്ടതെന്ന് ആഗ്രഹിച്ചലയുന്ന ഷാനവാസിനെയും പരിചയം.

മുല്ലബസാറിലെ അബൂബിന്റെ സൂഫി ചിലപ്പോഴൊക്കെ അയാള്‍ തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. ഇനിയുമൊരുപാട് കഥകള്‍ അയാള്‍ക്ക് പറയാനുണ്ടായിരുന്നു. കരി ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആയിരുന്നുവെങ്കില്‍ അതിലുമേറെ ഞെട്ടിക്കുന്ന, അമ്പരപ്പിക്കുന്ന ഗംഭീര സിനിമകളുമായി എത്താന്‍ പ്രാപ്തനായ ഫിലിം മേക്കറായിരുന്നു ഷാനവാസ്.

അട്ടപ്പാടിയിലിരുന്ന് അയാള്‍ സൃഷ്ടിച്ച കഥാഭൂമികയില്‍, ഇനി പറയാനിരുന്ന സിനിമയും അങ്ങനെയൊന്നായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്.
അയാള്‍ അടിമുടി സിനിമ ശ്വാസമാക്കിയ മനുഷ്യനായിരുന്നു
മോക്ഷവും മുക്തിയും സിനിമയെന്ന് കരുതിയൊരാള്‍…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Maneesh Narayanan Writes about Naranippuzha Shanavas