മാഞ്ചെസ്റ്ററുകൾ രണ്ടും പൊട്ടി; നിരാശയോടെ ആരാധകർ
Football
മാഞ്ചെസ്റ്ററുകൾ രണ്ടും പൊട്ടി; നിരാശയോടെ ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st October 2023, 10:43 am

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും, മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി. മാഞ്ചസ്റ്ററിന്റെ രണ്ട് ടീമുകളും ഒരേസമയം തോറ്റത് ആരാധകരിൽ വലിയ നിരാശയാണ് സൃഷ്ടിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്രിസ്റ്റൽ പാലസും, മാഞ്ചസ്റ്റർ സിറ്റിയെ വോൾവസുമാണ് തോൽപ്പിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റെഡ് ഡവിൾസിനെ വീഴ്ത്തിയത്. മത്സരത്തിൽ ഇരുടീമും 4-2-3-1 എന്ന ഫോർമേഷനിലാണ് കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ 25ാം മിനിട്ടിൽ ജോക്കിം ആൻഡേഴ്സൺ നേടിയ ഗോളിലൂടെയാണ് ക്രിസ്റ്റൽ പാലസ് വിജയം പിടിച്ചെടുത്തത്. വലത് വിങ്ങിൽ നിന്നും വന്ന ഫ്രീകിക്ക് പെനാൽറ്റി ബോക്സിനുള്ളിൽ നിന്നും ഒരു സൈഡ് വോളിയിലൂടെ താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.

മത്സരത്തിന്റെ പൂർണ ആധിപത്യവും യുണൈറ്റഡിന്റെ കൈകളിലായിരുന്നുവെങ്കിലും ഫിനിഷിങ്ങിലുള്ള പിഴവുകൾ ടീമിന് തിരിച്ചടിയായി. 19 ഷോട്ടുകൾ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്ത യുണൈറ്റഡിന് ലക്ഷ്യം പിഴക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടരുന്ന ടെൻ ഹാഗിന് ഈ മത്സരത്തിന് ശേഷവും കടുത്ത സമ്മർദമാവും നേരിടേണ്ടി വരുക.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്നും മൂന്നു വിജയവും നാല് തോൽവിയും അടക്കം ഒൻപത് പോയിന്റുമായി പത്താം സ്ഥാനത്താണ് ചെകുത്താൻമാർ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബർ ഏഴിന് ബ്രൻട്ഫോർട്ടുമായാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. വോൾവസിന്റെ ഹോം സ്റ്റേഡിയമായ മോളിന്യൂക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറ്റിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വോൾവസിന്റെ വിജയം. മത്സരത്തിൽ 3-4-3 എന്ന ഫോർമേഷനിൽ ആയിരുന്നു വോൾവസ് കളത്തിലിറങ്ങിയത്. അതേസമയം മറുഭാഗത്ത് 4-2-3-1 എന്ന ഫോർമേഷനിലാണ് പെപ് ടീമിനെ അണിനിരത്തിയത്.

മത്സരത്തിന്റെ 13ാം മിനിട്ടിൽ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം റൂബൻ ഡയസിന്റെ പിഴവിൽ നിന്നുമുണ്ടായ ഓൺ ഗോളിലൂടെ വോൾവസ് ആണ് ആദ്യം ലീഡ് നേടിയത്. എതിർ ടീമിന്റെ മുന്നേറ്റം ക്ലിയർ ചെയ്യാൻ ശ്രമിച്ച റൂബൻ ഡയസിന്റെ ഡിഫ്ലക്ഷനിലൂടെ ഗോൾ ആവുകയായിരുന്നു.

അതിനുശേഷം മാഞ്ചസ്റ്റർ സിറ്റി സമനില ഗോളിനായി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഒടുവിൽ മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ആതിഥേയർ 1-0ത്തിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ 56ാം മിനിട്ടിൽ ലഭിച്ച ഫ്രീകിക്ക് മനോഹരമായി വോൾവസിന്റെ വലയിലെത്തിച്ചുകൊണ്ട് സിറ്റി ഒപ്പം പിടിച്ചു. അർജന്റൈൻ യുവതാരം ജൂലിയൻ അൽവാരസിന്റെ വകയായിരുന്നു തകർപ്പൻ ഫ്രീക്ക് ഗോൾ.

ഒടുവിൽ മത്സരത്തിന്റെ 66ാം മിനിട്ടിൽ സിറ്റിയുടെ പ്രതിരോധത്തിൽ വിള്ളൽ ഏൽപ്പിച്ചുകൊണ്ട് പെനാൽറ്റി ബോക്സിൽ നിന്നും ഹാങ് ഹീ ചാൻ വിജയഗോൾ നേടുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിജയം ആതിഥേയർ സ്വന്തമാക്കി.

മത്സരം തോറ്റെങ്കിലും ഏഴ് കളികളിൽ ആറ് വിജയവും ഒരു തോൽവിയും അടക്കം ഒന്നാം സ്ഥാനത്ത്‌ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബർ എട്ടിന് ആഴ്സണലുമായാണ് സിറ്റിയുടെ അടുത്ത മത്സരം. എമിറേറ്റ്സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Manchester united and Manchester city loss in English premier league.