national news
ജലസേചന പദ്ധതിയുടെ അഴിമതിയിൽ മുൻ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെതിരെ പരാതിപ്പെട്ട വ്യക്തി കൊല്ലപ്പെട്ട നിലയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 20, 06:49 am
Thursday, 20th February 2025, 12:19 pm

ഹൈദരാബാദ്: തെലങ്കാനയിൽ ജലസേചന പദ്ധതിയുടെ അഴിമതിയിൽ മന്ത്രിമാർക്കെതിരെ കേസ് നൽകിയയാൾ കൊല്ലപ്പെട്ട നിലയിൽ. 48 കാരനായ നാഗവെള്ളി രാജലിംഗമൂർത്തിയാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ഭൂപൽപ്പള്ളി ജില്ലയിൽ ബുധനാഴ്ച വൈകുന്നേരം അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

രാത്രി 7.30 ഓടെ അംബേദ്കർ ചൗക്കിൽ നിന്ന് റെഡ്ഡി കോളനിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാജലിംഗമൂർത്തിയെ തെലങ്കാന കൽക്കരി ഖനി തൊഴിലാളി അസോസിയേഷൻ ഓഫീസിന് സമീപം കാത്തുനിന്ന അക്രമികൾ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മരണവാർത്ത അറിഞ്ഞതോടെ അദ്ദേഹത്തിന്റെ കുടുംബം അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. പിന്നാലെ ആശുപത്രിയിയിൽ സംഘർഷം ഉണ്ടായി. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സമ്പത്ത് റാവു, സർക്കിൾ ഇൻസ്പെക്ടർ നരേഷ് എന്നിവരുൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ജനക്കൂട്ടത്തെ നിയന്ത്രിച്ചു.

കാലേശ്വരം പദ്ധതി തകർച്ചയിൽ മുൻ മുഖ്യ മന്ത്രി കെ. ചന്ദ്രശേഖർ റാവു, മുൻ മന്ത്രി ഹരീഷ് റാവു, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മേഘ കൺസ്ട്രക്ഷൻ, എൽ ആൻഡ് ടി മേധാവികൾ എന്നിവർ അശ്രദ്ധ കാണിച്ചതായി രാജലിംഗമൂർത്തി തന്റെ പരാതിയിൽ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹരജിക്ക് പിന്നാലെ ഭൂപൽപ്പള്ളി ജില്ലാ കോടതി എല്ലാ പ്രതികൾക്കും നോട്ടീസ് അയച്ചിരുന്നു.

കേസ് തള്ളിക്കളയാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. 2024 ഡിസംബർ 23ന്, നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.ആറും ഹരീഷ് റാവുവും ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തു. പക്ഷെ ഹൈക്കോടതി ഹരജി തന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് പറഞ്ഞ് ഭൂപൽപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ചയച്ചു. ഭൂപൽപ്പള്ളി മജിസ്ട്രേറ്റ് കോടതി അവരുടെ അപേക്ഷ തള്ളുകയും ചെയ്തു.

2023 ഒക്ടോബറിൽ ആയിരുന്നു മെഡിഗദ്ദ അണക്കെട്ട് തകർന്നത്. ഗോദാവരി നദിയിൽ ഒരു ലക്ഷം കോടി രൂപ ചെലവിൽ നിർമിച്ച കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ മൂന്ന് തടയണകളിൽ ആദ്യത്തേതായ മെഡിഗദ്ദയിലെ തൂണുകൾ തകർന്നതോടെ വലിയ നാശനഷ്ടമുണ്ടായിരുന്നു.

 

Content Highlight: Man who filed case against ministers in irrigation project collapse murdered