വീണ്ടും ഗുജറാത്ത് മോഡൽ; ജാമ്യം ലഭിച്ചിട്ടും യുവാവിന് മൂന്ന് വർഷം അധിക ജയിൽവാസം
അഹമ്മദാബാദ്: 2020ൽ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി രജിസ്റ്ററി അയച്ച ഇമെയിൽ ജയിൽ അധികൃതർ തുറക്കാത്തതിന്റെ പേരിൽ മൂന്ന് വർഷം അധിക ജയിൽവാസം അനുഭവിച്ച്
യുവാവ്. യുവാവിന് ഗുജറാത്ത് സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
2020ൽ അയച്ച ഇമെയിലിലെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള അറ്റാച്ച്മെന്റ് തുറന്നുനോക്കാൻ സാധിക്കാഞ്ഞതിനാലാണ് യുവാവിനെ റിലീസ് ചെയ്യാതിരുന്നതെന്ന് ജയിൽ അധികൃതർ ഹൈക്കോടതിയിൽ പറഞ്ഞു.
‘ജയിൽ അധികൃതർക്ക് ഇമെയിൽ ലഭിക്കാത്ത സാഹചര്യമല്ല ഉണ്ടായത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിച്ചില്ല. ഇമെയിൽ ലഭിച്ചിട്ടും അവർക്ക് അറ്റാച്ച്മെന്റ് തുറന്നുനോക്കാൻ സാധിച്ചില്ല,’ ഹൈക്കോടതി പറഞ്ഞു.
കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം അനുഭവിക്കുകയായിരുന്ന ചന്തൻജി ടാകൂറിന്റെ ശിക്ഷ നിർത്തിവെച്ച് കോടതി ജാമ്യം നൽകുകയായിരുന്നു.
എന്നാൽ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിന്റെ പേരിൽ മൂന്ന് വർഷം കൂടി ശിക്ഷ അനുഭവിച്ചു.
‘ഹരജിക്കാരന് റിലീസ് ആയി സ്വാതന്ത്ര്യം അനുഭവിക്കാമായിരുന്നു എന്നിരിക്കെ, കോടതി വിധിയുമായി ബന്ധപ്പെട്ട് സെഷൻ കോടതിയെയോ രജിസ്റ്ററിയെയോ സമീപിക്കാതിരുന്നതിനാൽ ജയിലിൽ തന്നെ കഴിയാൻ നിർബന്ധിതനായി. ഈ കേസ് കണ്ണ് തുറപ്പിക്കുന്നതാണ്,’ കോടതി പറഞ്ഞു.
ജയിൽ അധികൃതരുടെ അശ്രദ്ധയെ കുറ്റപ്പെടുത്തിയ കോടതി, 14 ദിവസത്തിനകം ഹരജിക്കാരന് ഒരു ലക്ഷം രൂപ ഗുജറാത്ത് സർക്കാർ നൽകണമെന്നും വിധിച്ചു.
Content Highlight: Man Stays In Jail For 3 More Years As Authorities Fail To Open Bail Email