ആ നടിയുടെ സിനിമയില്‍ ഞാന്‍ സപ്പോര്‍ട്ടിങ് റോള്‍ ചെയ്തിരുന്നു, പക്ഷേ എന്റെ സിനിമയില്‍ ഒരു റോള്‍ ചെയ്യാന്‍ വിളിച്ചപ്പോള്‍ അവര്‍ വന്നില്ല: മമ്ത മോഹന്‍ദാസ്
ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെ സിനിമാലോകത്തേക്കെത്തിയ താരമാണ് മമ്ത മോഹന്‍ദാസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. ഒരിക്കലും സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റിലിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തയാളാണ് താനെന്നും തന്നെ ആരെങ്കിലും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാലും അത് തന്നെ ബാധിക്കാറില്ലെന്നും മമ്ത പറഞ്ഞു.
മലയാളത്തിലെ ഒരു നടിയുടെ തിരിച്ചുവരവിലെ പ്രധാനപ്പെട്ട സിനിമയില്‍ താന്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നുവെന്നും എന്നാല്‍ തന്റെ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്യാന്‍ അവരെ വിളിച്ചപ്പോള്‍ ആ നടി അതിനോട് മുഖം തിരിച്ചുവെന്നും മമ്ത പറഞ്ഞു. ഇന്‍ഡസ്ട്രിയിലെ നിലനില്‍പ്പിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തോന്നുന്ന അരക്ഷിതാവസ്ഥ കാരണമാണ് പല നടിമാരും ഇതുപോലെ ചെയ്യുന്നതെന്നും തനിക്ക് അങ്ങനെയൊരു ചിന്ത ഇല്ലായെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.
പല ആര്‍ട്ടിസ്റ്റുകളും അവരുടെ പി.ആറിനെക്കൊണ്ട് കുറച്ച് മീഡിയയില്‍ സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ പേരിനോട് ചേര്‍ക്കാറുണ്ടെന്നും മമ്ത പറഞ്ഞു. പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഇന്‍ഡസ്ട്രിയിലെ പല നടിമാരുടെ അടുത്ത് നിന്നും എനിക്ക് അത്ര സുഖകരമല്ലാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഒരു തരത്തിലും എന്നെ ബാധിക്കാറില്ല. ഞാന്‍ എന്റെ പണി കൃത്യമായി ചെയ്ത് പോകുന്നുണ്ട്. എനിക്ക് അതില്‍ നിന്ന് സന്തോഷം ലഭിക്കുന്നുണ്ട്. മറ്റ് വിവാദങ്ങളിലൊന്നും എനിക്ക് താത്പര്യമില്ല. സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റിലൊന്നും ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിന് വേണ്ടി പണിയെടുക്കുന്ന ഒരുപാട് പേരുണ്ട്.
സ്വന്തം പി.ആറിനെക്കൊണ്ട് പത്തു പന്ത്രണ്ട് മീഡിയകളില്‍ പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ എന്ന് കൊടുക്കുന്ന ചില സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറുകള്‍ സിനിമയിലുണ്ട്. അവരെയൊന്നും ഞാന്‍ കാര്യമാക്കാറില്ല. മലയാളത്തിലെ ഒരു നടി അവരുടെ തിരിച്ചുവരവില്‍ ചെയ്ത ഒരു പ്രധാന സിനിമയില്‍ ഞാനും ഒരു ചെറിയ വേഷം ചെയ്തിരുന്നു.
എന്നാല്‍ ഞാന്‍ ലീഡ് റോള്‍ ചെയ്ത സിനിമയിലേക്ക് ഒരു പ്രധാന വേഷം ചെയ്യാന്‍ അതേ നടിയെ വിളിച്ചപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിവായി. ഇന്‍ഡസ്ട്രിയിലെ നിലനില്‍പ്പിനെപ്പറ്റി ആലോചിക്കുമ്പോള്‍ ഉണ്ടാകുന്ന ഇന്‍സെക്യൂരിറ്റി കാരണമാണ് ഇത്. എനിക്ക് ഇതുവരെ അത്തരമൊരു ഇന്‍സെക്യൂരിറ്റി തോന്നിയിട്ടില്ല. എന്റെ ജോലിയില്‍ ഞാന്‍ സാറ്റിസ്‌ഫൈഡാണ്,’ മമ്ത പറഞ്ഞു.
Content Highlight: Mamta Mohandas saying that she doesn’t want Super Star title