Malayalam Cinema
നേരില്‍ കാണുക പോലും ചെയ്യാതെ എന്നെ കളങ്കമില്ലാതെ സ്‌നേഹിക്കുന്ന എത്രയോ പേരുണ്ട്: ആരാധകരെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 22, 12:01 pm
Wednesday, 22nd September 2021, 5:31 pm

തന്റെ ആരാധകരെ കുറിച്ച് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നേരില്‍ കാണുക പോലും ചെയ്യാതെ തന്നെ കളങ്കമില്ലാതെ സ്‌നേഹിക്കുന്ന എത്രയോ പേരുണ്ടെന്നും എപ്പോഴെങ്കിലും കാണുമ്പോള്‍ സ്‌നേഹം കൊണ്ട് വിങ്ങിപ്പൊട്ടാനെന്ന പോലെ നില്‍ക്കുന്ന എത്രയോ മുഖങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നുമാണ് മമ്മൂട്ടി തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നത്.

തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടല്ല അവരുടെ സ്‌നേഹത്തിന്റെ തണലില്‍ തന്നെ നിര്‍ത്തുന്നതെന്നും അഞ്ജാതമായ എത്രയോ മനസുകളിലുള്ള ആ സ്‌നേഹവും പ്രാര്‍ത്ഥനയുമില്ലെങ്കില്‍ താന്‍ ആരുമല്ലെന്നും മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയോട് നിങ്ങള്‍ക്ക് ഒരു സിനിമാനടന്റെ കട്ടുണ്ടെന്ന് ആദ്യമായി പറഞ്ഞയാളെ കുറിച്ചും മമ്മൂട്ടി ഒരിക്കലെഴുതിയിട്ടുണ്ട്. മഞ്ചേരി കോടതിയില്‍ ജൂനിയര്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന കാലത്തെ അനുഭവമാണ് മമ്മൂട്ടി പങ്കുവെക്കുന്നത്.

മിക്കയാഴ്ചയും കേസിന്റെ കാര്യമന്വേഷിച്ച് പത്തുപതിനെട്ട് വയസുള്ള ഒരു പയ്യന്‍ വക്കീലോഫീസില്‍ വരാറുണ്ടായിരുന്നു. ഒരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ അവന്‍ മമ്മൂട്ടിയോട് ചോദിച്ചു. ‘സാറേ ങ്ങക്ക് സില്‍മേല്‍ അഭിനയിച്ചൂടെ!

‘ അതെന്താ? ‘ങ്ങക്കൊരു സില്‍മാ നടന്റെ കട്ട്ണ്ട്’.

വര്‍ഷങ്ങള്‍ക്ക് ശേഷം അതേ മഞ്ചേരിയില്‍ 1921 ന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വന്ന എസ്.എ.പിക്കാരുടെ അടികൊണ്ട് തലപൊട്ടി ചോരയൊലിക്കുമ്പോഴും ‘സാറേ എന്നെ ഓര്‍മ്മയില്ലേ ഞാന്‍ ബഷീറാ ബഷീര്‍’ എന്നുവിളിച്ചുപറഞ്ഞ ഒരാളുടെ മുഖം മമ്മൂട്ടിയുടെ ഓര്‍മ്മയിലുണ്ട്. അത് ആ പയ്യനായിരുന്നു. ങ്ങക്ക് സില്‍മേല്‍ അഭിനയിച്ചൂടെയെന്ന് മമ്മൂട്ടിയോട് ആദ്യമായി ചോദിച്ച അതേ പയ്യന്‍.

തന്റെ ആദ്യത്തെ ആരാധകന്‍ പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത അയാളായിരിക്കുമെന്നാണ് മമ്മൂട്ടി പറയുന്നത്. വക്കീലോഫീസിന്റെ വരാന്തയില്‍ കണ്ട കുട്ടിയെ ഓര്‍ക്കുമ്പോള്‍ മനസിലാവുന്നത് സ്‌നേഹത്തിന്റെ കടല്‍ തന്നെയാണെന്നും തന്നെ കൂടപ്പിറപ്പും മകനും സഹോദരനുമാക്കിയവരുടെ സ്‌നേഹം തീര്‍ക്കുന്ന കടലാണ് അതെന്നും മമ്മൂട്ടി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mamootty About His fans