ഗെറ്റ് വെല്‍ സൂണ്‍ സൂര്യ; രജനിയ്ക്ക് ആശംസയുമായി മമ്മൂട്ടി
Film News
ഗെറ്റ് വെല്‍ സൂണ്‍ സൂര്യ; രജനിയ്ക്ക് ആശംസയുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th December 2020, 8:09 pm

കോഴിക്കോട്: രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജനീകാന്തിന് ആശംസയുമായി മമ്മൂട്ടി. ഗെറ്റ് വെല്‍ സൂണ്‍ സൂര്യ അന്‍പുഡന്‍ ദേവ’ (വേഗം സുഖമായി വരൂ സൂര്യ.. സ്‌നേഹത്തോടെ ദേവ..) എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതിയത്.

ഇരുവരും ഒന്നിച്ചഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമ ദളപതിയിലെ കഥാപാത്രങ്ങളുടെ പേരാണ് സൂര്യയും ദേവയും.


നേരത്തെ നടന്‍ കമല്‍ഹാസനും രജനിയ്ക്ക് ആശംസയുമായി എത്തിയിരുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് കമല്‍ രജനിയോട് പറഞ്ഞത്.

വെള്ളിയാഴ്ച രാവിലെയോടെയാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജനിയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റില്‍ എട്ടു പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 22 ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രജനീകാന്തിന് കൊവിഡ് നെഗറ്റീവായിരുന്നു.

അന്നു മുതല്‍ തന്നെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു അദ്ദേഹം. എന്നാല്‍ രാവിലെയോടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കൊവിഡ് ലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം ഒഴിച്ചാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

രക്തസമ്മര്‍ദ്ദം സാധാരണനിലയിലാകുന്നതോടെ രജനിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് രജനീകാന്ത് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 31ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

ഇതിനിടിയിലാണ് രജനീകാന്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ കൊവിഡ് പടര്‍ന്നത്. എന്നാല്‍ രജനിക്ക് കൊവിഡ് നെഗറ്റീവ് ആണെന്ന വാര്‍ത്ത ആരാധകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആശ്വാസമേകുന്നതായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയതോടെ ഭാവി പരിപാടികള്‍ എങ്ങനെയായിരിക്കുമെന്നതില്‍ ആശങ്കയിലാണ് ആരാധകരും പാര്‍ട്ടി വൃത്തങ്ങളും.

കൊവിഡ് മുന്‍നിര്‍ത്തി നിരവധി സുരക്ഷാ ക്രമീകരണങ്ങളായിരുന്നു അണ്ണാത്തെയുടെ സെറ്റിലൊരുക്കിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mammootty  wish Rajanikanth Dalapathi