റോഷാക്ക് റിലീസിന് ശേഷം ഏറ്റവുമധികം ചര്‍ച്ചയായ നടനാണ് ആസിഫ് അലി. മുഖം പോലും കാണിക്കാതെ ആസിഫ് ചിത്രത്തിലെത്തിയതിനെ പറ്റി പല അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ പറഞ്ഞത്. അതേസമയം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ആസിഫിനോട് മനസ് നിറഞ്ഞ സ്‌നേഹമാണെന്ന് പറയുകയാണ് മമ്മൂട്ടി. അബുദാബിയിലെ റോഷാക്ക് സക്‌സസ് സെലിബ്രേഷന് ശേഷം നടന്ന പ്രസ് മീറ്റില്‍ ആസിഫിനോട് അനീതി കാണിച്ചോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ആസിഫ് അലിയോട് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്‌നേഹമാണ് അവനോട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ റെസ്‌പെക്ട് ചെയ്യണം. അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണം (എല്ലാവരും കയ്യടിക്കുന്നു).
മനുഷ്യന്റെ ഏറ്റവും എക്‌സ്‌പ്രെസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്. അത്രത്തോളം ആ നടന്‍ കണ്ണ് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യടി കൂടി ആസിഫിന് കൊടുക്കാം ( മാധ്യമപ്രവര്‍ത്തകര്‍ കയ്യടിക്കുന്നു),’ മമ്മൂട്ടി പറഞ്ഞു.
അതേസമയം റോഷാക്കിന്റെ വിജയം കാണിക്കുന്നത് മലയാള പ്രേക്ഷകരുടെ ആസ്വാദനത്തിന്റെ ഉയര്‍ച്ചയായണെന്ന് സക്‌സസ് സെലിബ്രേഷനില്‍ വെച്ച് മമ്മൂട്ടി പറഞ്ഞിരുന്നു. ‘മലയാള സിനിമ പ്രേക്ഷകര്‍ ലോകത്തിന് തന്നെ മാതൃകയാണ്. ഒരുപക്ഷേ ഇന്ത്യയിലൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ ഒരു വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. മലയാള പ്രേക്ഷകരെ എനിക്ക് അത്രയും വിശ്വാസമുള്ളത് കൊണ്ടാണ്. നിങ്ങള്‍ സിനിമ കാണാന്‍ വേണ്ടി സോപ്പിടുന്നതല്ല. നിങ്ങള്‍ സിനിമ കണ്ടതുകൊണ്ട് പറഞ്ഞതാണ്,’ മമ്മൂട്ടി പറഞ്ഞു.
ഗ്രേസ് ആന്റണി, ജോര്‍ജ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം സിനിമയെ പ്രതിനിധീകരിച്ചു കൊണ്ട് പരിപാടിയില്‍ പങ്കെടുത്തു. റോഷാക്കിലെ വീഡിയോ ഗാനവും പരിപാടിയില്‍ റിലീസ് ചെയ്തിരുന്നു.
Content Highlight: Mammootty says that all the crew members of rorschach have a lot of love for Asif ali