മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിയുള്‍പ്പെടെയുള്ള ഭീഷ്മ പര്‍വത്തിലെ താരങ്ങള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തിയിരുന്നു.
ഈ പ്രെസ് മീറ്റില്‍ വെച്ച് മമ്മൂട്ടി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
‘പ്രേക്ഷകന്‍ സിനിമ കണ്ടിട്ട് എന്താന്ന് വെച്ചാല്‍ പറയും. നമുക്ക് അവരോട് പറയാനുള്ളതാണ് ഈ സിനിമ. ഇനി സിനിമ കണ്ടിട്ട് പ്രേക്ഷകര്‍ പറയട്ടെ. അവര്‍ പറയുന്നത് സത്യമായി നിങ്ങള്‍ പറഞ്ഞാല്‍ മതി,’ മമ്മൂട്ടി പറഞ്ഞു.
ഫാന്‍സ് ഷോ നിര്‍ത്താനുള്ള തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കിന്റെ തീരുമാനത്തിനോടും മമ്മൂട്ടി പ്രതികരിച്ചു.
‘എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമക്ക് ഇന്ന ആളെ കേറ്റും ഇന്ന ആളെ കേറ്റില്ല എന്ന് ഫിയോക് പറയാന്‍ സാധ്യതയില്ല. എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതില്‍ ഫാന്‍സ് ഉണ്ടാവാം. ഫാന്‍സ് അല്ലാത്തവരും കാണും,’ മമ്മൂട്ടി പറഞ്ഞു.
സൂപ്പര്‍താര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാന്‍സ് ഷോകള്‍ നിരോധിക്കാനായിരുന്നു ഫിയോക്ക് തീരുമാനമെടുത്തത്. ഫാന്‍സ് ഷോകള്‍ കൊണ്ട് സിനിമാ വ്യവസായത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞിരുന്നു.
അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.