വിഖ്യാത സിനിമാ സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചത് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ദുഖത്തിലാഴിത്തിയിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ഒരുക്കിയ അദ്ദേഹം മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി, കമല്‍ഹാസന്‍ തുടങ്ങി ഒരു പിടി മികച്ച താരങ്ങളെ സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ വ്യക്തിയാണ്.
‘സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിര്‍ത്തിയ എന്നും സ്‌നേഹത്തോടും വാത്സല്യത്തോടും ചേര്‍ത്ത് നിര്‍ത്തിയ സേതു സാറിന് ആദരാഞ്ജലികള്‍,’ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 1971 ല്‍ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്.
ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു സേതുമാധവന്റെ അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.
പാലക്കാടായിരുന്നു കെ.എസ്. സേതുമാധവന്റെ ജനനം. പിന്നീട് വിക്ടോറിയ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ. രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്.
1960 പുറത്തിറങ്ങിയ വീരവിജയ എന്ന ചിത്രമാണ് ആദ്യ ചിത്രം. മുട്ടത്ത് വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് കെ.എസ്. സേതുമാധവന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം.
പിന്നീട് 60 ഓളം സിനിമകള്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്തു. 1973 ല്‍ ദേശീയ പുരസ്‌കാരത്തിന്റെ ഭാഗമായ നര്‍ഗിസ് ദത്ത് അവാര്‍ഡ് നേടി.
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു. വത്സലയാണ് ഭാര്യ. മക്കള്‍ : സോനുകുമാര്‍, ഉമ, സന്തോഷ് സേതുമാധവന്‍.