മാമാങ്കത്തിനായി കൊച്ചി മരടില്‍ തണ്ണീര്‍ത്തടം നികത്തി; ഡൂള്‍ ന്യൂസ് വാര്‍ത്ത ശരിവെച്ച് സംവിധായകന്‍ സജീവ് പിള്ള; സിനിമ തന്നെയായിരുന്നോ ഉദ്ദേശമെന്ന് സംശയമുണ്ടെന്നും സംവിധായകന്‍
Mamankam Movie
മാമാങ്കത്തിനായി കൊച്ചി മരടില്‍ തണ്ണീര്‍ത്തടം നികത്തി; ഡൂള്‍ ന്യൂസ് വാര്‍ത്ത ശരിവെച്ച് സംവിധായകന്‍ സജീവ് പിള്ള; സിനിമ തന്നെയായിരുന്നോ ഉദ്ദേശമെന്ന് സംശയമുണ്ടെന്നും സംവിധായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd February 2019, 1:46 pm

തിരുവനന്തപുരം: മമ്മൂട്ടിയുടെ ബിഗ് ബഡജറ്റ് ചിത്രം മാമാങ്കത്തിന്റെ വിവാദങ്ങള്‍ പുകയാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. സംവിധായകനായിരുന്ന സജീവ് പിള്ളയെ തന്നെ ചിത്രത്തില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സംവിധായകനെതിരെ ആരോപണങ്ങളുമായി നിര്‍മ്മാതാവ് രംഗത്തെത്തുകയും ചെയ്തു. പരിചയക്കുറവും ഗുണമേന്മ ഇല്ലായ്മയും മൂലം പത്ത് കോടിയോളം രൂപയുടെ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സജീവ് പിള്ളയെ പുറത്താക്കിയതെന്നായിരുന്നു വേണു കുന്നപ്പിള്ളി പറഞ്ഞത്.

എന്നാല്‍ നിര്‍മ്മാതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ സജീവ് പിള്ള തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ തന്നെയായിരുന്നോ നിര്‍മ്മാതാവിന്റെ ഉദ്ദേശമെന്ന് സംശയമുണ്ടെന്നും കൊച്ചിയില്‍ മരടില്‍ തണ്ണീര്‍തടം നികത്തിയതുമായി ബന്ധപ്പെട്ടാണ് ആദ്യം പ്രശ്‌നമുണ്ടാകുന്നതെന്നും സംവിധായകന്‍ വെളിപ്പെടുത്തി.

Also Read  മമ്മൂട്ടി ചിത്രം മാമാങ്കത്തിനായി നിലം നികത്തി; സ്റ്റോപ്പ് മെമ്മോ അവഗണിച്ചും ഷൂട്ടിംഗ്

മാമാങ്കത്തിനായി തണ്ണിര്‍തടം നികത്തിയെന്നും നിയമ ലംഘനം ശ്രദ്ധയില്‍ പെട്ട വില്ലേജ് ഓഫിസര്‍ ഷൂട്ടിംഗ് നിര്‍ത്തി വെക്കാനും മണ്ണടിച്ച സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാനും ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അവഗണിച്ച് ചിത്രീകരണം തുടരുകയാണെന്നും കഴിഞ്ഞ ജൂണില്‍ ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത ശരി വെയക്കുന്നതാണ് സംവിധായകന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

തനിക്കെതിരെയുള്ള നിര്‍മ്മാതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിനിമ മാത്രമാണ് തന്റെ താത്പര്യം എന്നും നിര്‍മ്മാതാവിന്റെ ഉന്നം സിനിമ മാത്രമായിരുന്നോ എന്ന് സംശയമാണ് എന്നും സജീവ് പുറത്തുവിട്ട് പത്രകുറിപ്പില്‍ പറയുന്നു.

“”അദ്ദേഹത്തിന് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാവുകയാണോ എന്നു തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായി. സിനിമാബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിടത്തു നിന്നു തുടങ്ങിയ പകയാണ് ഇപ്പോള്‍ എന്നെ പുറത്താക്കി എന്ന് അദ്ദേഹം പറയുന്നതു വരെ കാര്യങ്ങളെ എത്തിച്ചത്.””

Also Read  രണ്ട് പതിറ്റാണ്ട് കാലത്തെ എന്റെ പ്രയത്‌നത്തിന് വിലയില്ലേ’; മാമാങ്കം സിനിമയുടെ നിര്‍മ്മാതാവിന് മറുപടിയുമായി സംവിധായകന്‍ സജീവ് പിള്ള

സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിങ് എവിടെ വേണമെന്നുള്ള കാര്യത്തിലാണ് ആദ്യത്തെ ഭിന്നത തുടങ്ങുന്നത് എന്നാണ് സജീവിന്റെ വിശദീകരണം. ഒന്നുകില്‍ വലിയ സ്റ്റുഡിയോയില്‍, അല്ലെങ്കില്‍, സമാനമായ ആര്‍ക്കിടെക്ചറും ലാന്‍ഡ്‌സ്‌കേപ്പും ഉള്ള മംഗലാപുരം മേഖലയില്‍. അതുമല്ലെങ്കില്‍ മാമാങ്കവുമായി ചരിത്രപരമായി ബന്ധമുള്ള തിരുനാവായ മേഖലയില്‍ സെറ്റിട്ടു കൊണ്ട് ഇതൊക്കെയായിരുന്നു സീറ്റിനായി സജീവ് നിര്‍ദ്ദേശിച്ചത്. എന്നാല്‍, നിര്‍മ്മാതാവിന് ഷൂട്ടിങ് എറണാകുളത്ത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥലത്ത് (എറണാകുളം മരട് വൈറ്റ് ഫോര്‍ട്ട് ഹോട്ടലിന് എതിര്‍വശത്തുള്ള ബണ്ട് റോഡില്‍ ഉള്ള) സെറ്റിട്ടാല്‍ മതി എന്നായിരുന്നു. അങ്ങനെ സെറ്റൊരുക്കുന്നത് ചെലവ് കൂടുന്നതിനിടയാക്കും എന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സ്വന്തം നിലയ്ക്ക് അദ്ദേഹം പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു എന്നും സജീവ് കുറിപ്പില്‍ പറഞ്ഞു.

Also Read  സജീവ് പിള്ള വരുത്തിയത് വലിയ നഷ്ടം; മുതിര്‍ന്ന അഭിനേതാവിന്റെ നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടില്ല: സംവിധായകനെ പുറത്താക്കിയതിന് വിശദീകരണവുമായി മാമാങ്കം നിര്‍മ്മാതാവ്

“”സെറ്റ് നിര്‍മ്മിക്കാന്‍ വേണ്ടി തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തിയപ്പോഴാണ് പാരിസ്ഥിതികവും നിയമപരവുമായ ചില അപകടങ്ങള്‍ എനിക്ക് ശ്രദ്ധിക്കേണ്ടി വന്നത്. അതു ചോദിച്ചപ്പോള്‍ ആവശ്യമായ അനുമതി വാങ്ങിയിട്ടുണ്ട് എന്നായിരുന്നു മറുപടി. ഷൂട്ടിങ് കഴിഞ്ഞാല്‍ സ്ഥലം വീണ്ടും തണ്ണീര്‍ത്തടമാകും എന്ന ഉറപ്പും പറഞ്ഞു. കേരളത്തില്‍ നികത്തിയെടുത്ത വയലുകളോ തണ്ണീര്‍ത്തടങ്ങളോ പിന്നെ പൂര്‍വ്വസ്ഥിതിയിലേക്കു തിരിച്ചു വന്നിട്ടില്ല എന്ന ഉല്‍ക്കണ്ഠ ഞാന്‍ പങ്കുവച്ചു. അപ്പോഴാണ്, ഇതു സംവിധായകനുമായി ബന്ധപ്പെട്ട വിഷയമല്ല എന്നു പറഞ്ഞ നിര്‍മ്മാതാവ്, ആദ്യമായി, സംവിധായകനെ മാറ്റാനുള്ള അധികാരത്തെപ്പറ്റി എന്നെ ഓര്‍മ്മിപ്പിക്കുന്നത്. ഭീഷണി അവിടെയാണ് തുടങ്ങുന്നത്. എറണാകുളത്തെ ചില ഉന്നത നേതാക്കള്‍ അദ്ദേഹവുമായി അടുപ്പമുള്ളവരാണ്. അഖിലേന്ത്യാ തലത്തില്‍ത്തന്നെ അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്.””

“”ഓരോ ഷെഡ്യൂളിനും ഓരോ സ്വഭാവവും സ്‌കെയിലുമാണ്. ഒന്നാം ഘട്ടത്തിലേതില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ പ്രതിദിന ചെലവുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ മൊത്തത്തില്‍ ബജറ്റ് വളരെ ഉയരുകയും ചെയ്തു. കാരണം കലാസംവിധാനത്തിന് വേണ്ടി വന്ന ഭീമമായ തുകയാണ്. അതിന് ഞാന്‍ ഒരുവിധേനയും ഉത്തരവാദി അല്ല. ഒട്ടും അനുയോജ്യമല്ലായെന്ന് ആവര്‍ത്തിച്ച് പറഞ്ഞ, വെള്ളക്കെട്ടും തണ്ണീര്‍ത്തടവും നിറഞ്ഞ സ്ഥലത്ത് സെറ്റിട്ടേ മതിയാവൂ എന്ന് നിര്‍മ്മാതാവ് വാശി പിടിച്ചു. ചെറുത്ത് നിന്നെങ്കിലും നിവൃത്തിയില്ലാതെ എനിക്ക് വഴങ്ങേണ്ടി വന്നു. അതാണ് ചെലവ് കൂടാനുള്ള കാരണം. മണ്ണിട്ട് മൂടി തറയൊരുക്കാന്‍ തന്നെ കൂറ്റന്‍ തുക ആയിട്ടുണ്ട്. ഇതു സിനിമയ്ക്കുള്ള നിക്ഷേപമായി കൂട്ടണമോ എന്നും ചോദ്യമുണ്ട്. നിര്‍മ്മാതാവിന്റെ സിനിമാബാഹ്യമായ ബിസിനസ് താല്‍പര്യങ്ങളുടെ ചെലവുകളും സിനിമയുടെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ല,”” സജീവ് പറയുന്നു.

Also Read മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍; 2018 ല്‍ ഞാന്‍ വായിച്ച ഏറ്റവും നല്ല സ്‌ക്രിപ്റ്റായിരുന്നു അത്; മാമാങ്കം വിവാദത്തില്‍ പ്രതികരണവുമായി റസൂല്‍ പൂക്കൂട്ടി

സിനിമയ്ക്കായി ഭീമമായ തുക ചിലവായി എന്ന് പറയുന്നത് ഇത്തരത്തിലാണെന്നും ഇത് താന്‍ ആദ്യം തന്നെ എതിര്‍ത്തിരുന്നെന്നും സംവിധായകന്‍ സജീവ് പിള്ള പറഞ്ഞു.

അതേസമയം സജീവിന്റെ ആരോപണം നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി തള്ളി കളഞ്ഞു. ഷൂട്ടിംഗ് മരടില്‍ വെച്ച് നടത്തിയെന്നത് ശരിയാണെന്നും എന്നാല്‍ ഒരു അടി സ്ഥലം പോലും നികത്തിയിട്ടില്ലെന്നും വരിക്കാശ്ശേരി മനയിലോ ഹൈദരാബാദിലോ പോയി ഷൂട്ട് ചെയ്യേണ്ടിയിരുന്ന തുക ലാഭിക്കാനാണ് ഇവിടെ ഷൂട്ട് ചെയ്തതെന്നും വേണു പറയുന്നു.

DoolNews Video