Entertainment
എന്തുകൊണ്ട് ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍? മറുപടിയുമായി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 13, 07:31 am
Tuesday, 13th February 2024, 1:01 pm

മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും പുതുമ നിറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമ പുറത്തിറക്കാനുള്ള കാരണത്തെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചു. ടെക്‌നോളജി ഇത്രയും വളര്‍ന്ന ഒരു കാലഘട്ടത്തില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ ഇറക്കിയാല്‍ അതിന്റെ പ്രസക്തി എന്താകുമെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനൊയയിരുന്നു.

‘പ്രസക്തി എന്നൊന്നും നോക്കിയിട്ടില്ല. ഒരു കാലഘട്ടത്തിന്റെ കഥയാണിത്. സിനിമ ഇല്ലാതിരുന്ന കാലഘട്ടത്താണ് ഈ സിനിമ നടക്കുന്നത്, അതുകൊണ്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് തെരഞ്ഞെടുത്തു എന്ന് വേണമെങ്കില്‍ പറയാം. അതല്ല കാരണം, ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നത് പുതിയ തലമുറ ഒട്ടും അനുഭവിച്ചിട്ടില്ലാത്ത ഒരു സംഭവമാണ്. അതുകൊണ്ട് അതൊന്ന് കണ്ടറിയാം, അതുമല്ല ഈ സിനിമ അതിനു പറ്റിയ ഒരു സിനിമയാണ്. ആളുകള്‍ക്ക് കുറച്ചുകൂടെ ഈ സിനിമയെ സത്യസന്ധമായി മനസിലാക്കാം എന്ന് തോന്നിയതു കൊണ്ടാണ് ഈ സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്തത്.

പണ്ടൊക്ക നമ്മള്‍ ഫ്‌ളാഷ്ബാക്ക് കാണിക്കാന്‍ വേണ്ടി ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാണിക്കുമായിരുന്നു. അതില്‍ നിന്നുമാണ് ഞങ്ങള്‍ക്ക് അങ്ങനെയൊരു പ്രചോദനമുണ്ടായത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നമുക്ക് പലര്‍ക്കും നൊസ്റ്റാള്‍ജിയയാണ്. അതുകൊണ്ട് ഇപ്പോഴും പലരും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമകള്‍ എടുക്കുന്നുണ്ട്. ഹോളിവുഡിലൊക്കെ അങ്ങനെ സിനിമകള്‍ എടുക്കുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചില സിനിമകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്തവയാണ്. 12 വര്‍ഷം മുമ്പ് ആര്‍ടിസ്റ്റ് എന്ന സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റ് 35 മോഡലിലാണ് എടുത്തത്.

അത്രത്തോളമൊന്നും ആലോചിച്ചിട്ടല്ല, നമുക്കും വേണ്ടേ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ എന്ന ആഗ്രഹത്തില്‍ ചെയ്തതാണ്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty explains why Bramayugam shot in black and white