പ്രേക്ഷകന് ഒന്നും മനസിലാകില്ലെന്ന് ഇനി പറയരുത്; നമ്മളേക്കാള്‍ ഉയരത്തിലാണ് അവര്‍: മമ്മൂട്ടി
Movie Day
പ്രേക്ഷകന് ഒന്നും മനസിലാകില്ലെന്ന് ഇനി പറയരുത്; നമ്മളേക്കാള്‍ ഉയരത്തിലാണ് അവര്‍: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th May 2022, 3:41 pm

നമ്മളേക്കാള്‍ ഉയരത്തിലാണ് ഇന്ന് പ്രേക്ഷകരെന്നും ഇവര്‍ക്കൊന്നും സിനിമയെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഇനി പറയരുതെന്നും നടന്‍ മമ്മൂട്ടി.

ലോക സിനിമ മുഴുവന്‍ എക്‌സ്‌പോസ്ഡ് ആയതുകൊണ്ട് കാഴ്ചക്കാര്‍ എന്ന നിലയില്‍ നമ്മുടെ പ്രേക്ഷകര്‍ വളരെ ഉയര്‍ന്നിട്ടുണ്ടെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. എഫ്.ടി.ക്യൂ വിത്ത് രേഖാമേനോന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ മേക്കേര്‍സിനെ സംബന്ധിച്ച് അതൊരു വലിയ ചാലഞ്ചാണെന്നും ഓഡിയന്‍സിനെ എജ്യുക്കേറ്റ് ചെയ്യേണ്ട ആവശ്യം ഇനിയില്ലെന്നും ഇവര്‍ക്കൊന്നും ഒന്നും മനസിലാവില്ല എന്ന് പറയുന്ന കാലത്തുനിന്നും നിനക്കൊന്നും ഇത് മനസിലാവില്ലെന്ന് ഓഡിയന്‍സ് തിരിച്ചുപറയുന്ന കാലത്തെത്തിയെന്നും മമ്മൂട്ടി പറഞ്ഞു.

‘ഭാഷയ്ക്ക് അതീതമായി നമ്മുടെ സിനിമകള്‍ ആളുകള്‍ പ്രിഫര്‍ ചെയ്യുന്നുണ്ട്. അത് നമുക്കുണ്ടായ ഒരു നേട്ടമാണ്. നമ്മുടെ എല്ലാ ഫിലിം മേക്കേര്‍സിനോടും നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും അക്കാര്യത്തില്‍ കടപ്പെട്ടിരിക്കുന്നു.

ഭാഷ അറിയാത്തവരും അറിയുന്നവരും എല്ലാം ഇന്ന് സിനിമകള്‍ കാണുന്നു. കൊവിഡ് സമയത്തുണ്ടായ വലിയമാറ്റമാണ് ഇത്. അതുകൊണ്ട് തന്നെ ഒരുപാട് പുതിയ പ്രേക്ഷകരെ നമുക്ക് കിട്ടി.

വേള്‍ഡ് സിനിമ മുഴുവന്‍ എക്‌സ്‌പോസ്ഡ് ആയതുകൊണ്ട് കാഴ്ചക്കാര്‍ എന്ന നിലയില്‍ നമ്മുടെ പ്രേക്ഷകര്‍ വളരെ ഉയര്‍ന്നിട്ടുണ്ട്. അത് നല്ലൊരു കാര്യമാണ്. സിനിമാ മേക്കേര്‍സിനെ സംബന്ധിച്ച് അതൊരു വലിയ ചാലഞ്ചാണ്. ഓഡിയന്‍സിനെ എജ്യുക്കേറ്റ് ചെയ്യേണ്ട ആവശ്യം ഇനി നമുക്കില്ല.

ഇവര്‍ക്കൊന്നും ഒന്നും മനസിലാവില്ല എന്ന് പറയുന്ന കാലത്തുനിന്നും നിനക്കൊക്കും ഇത് മനസിലാവില്ലെന്ന് ഓഡിയന്‍സ് തിരിച്ചുപറയുന്ന കാലത്തെത്തി. അവര്‍ നമ്മളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞു. നമ്മളേക്കാള്‍ കൂടുതല്‍ സിനിമകള്‍ അവര്‍ കാണുന്നുണ്ട്.

നമ്മള്‍ ഒരു സിനിമ ചെയ്യുന്ന 60 ദിവസവും നമുക്ക് സിനിമ കാണാന്‍ സമയുണ്ടാകില്ല. അവര്‍ അപ്പോഴും സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. പിന്നെ ഒരു തരം സിനിമകളിലേക്ക് മാത്രം ആളുകള്‍ ആകര്‍ഷിക്കപ്പെട്ടു പോകരുത് എന്നൊരു ആഗ്രഹം എനിക്കുണ്ട്.

നമ്മുടെ സിനിമ എന്ന് പറയുന്നത് നമ്മുടെ ജീവിതത്തെ പറ്റിയും നമ്മുടെ കാഴ്ചകളെ പറ്റിയുമാണ്. അത് മറ്റു കാഴ്ചകളുമായി നമുക്ക് താരതമ്യം ചെയ്യാന്‍ കഴിയില്ല, മമ്മൂട്ടി പറഞ്ഞു.

യാത്രകള്‍ ഇഷ്ടമാണോ എന്ന ചോദ്യത്തിന് യാത്ര ഇഷ്ടമാണെന്നും പിന്നെ അതൊരു എഫേര്‍ട്ട് ആണെന്നുമായിരുന്നു മമ്മൂക്കയുടെ മറുപടി. ‘പ്ലാന്‍ ചെയ്യണം. അതുമാത്രമല്ല ഒറ്റയ്ക്ക് പോകാനൊക്കെ വലിയ ബുദ്ധിമുട്ടാണ്. പ്രായമായിപ്പോയതുകൊണ്ടായിരിക്കും(ചിരി).

അത് ലോകം പറയുന്നില്ലല്ലോ എന്ന ചോദ്യത്തിന് ലോകം പറഞ്ഞില്ലെങ്കിലും എന്റെ ശരീരം പറയുമല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.

നേരത്തെ ആറാട്ട് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മോഹന്‍ലാല്‍ മരക്കാര്‍ സിനിമയക്കെതിരെ വന്ന വിമര്‍ശനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് സിനിമയെ കുറ്റം പറയുന്നതെന്നായിരുന്നു അന്ന് മോഹന്‍ലാല്‍ പറഞ്ഞത്.

‘സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് അതിനെ പറ്റി സംസാരിക്കുന്നത്. എഡിറ്റിംഗ് മോശമാണെന്ന് പറയുമ്പോള്‍ എഡിറ്റിംഗിനെ കുറിച്ച് എന്തെങ്കിലും അറിയാവുന്ന ഒരാളാവണം. സിനിമയെ ക്രിട്ടിസൈസ് ചെയ്യുമ്പോള്‍ അതിനെകുറിച്ച് എന്തെങ്കിലുമൊരു ധാരണ വേണം,’ എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.

തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂവെന്നും അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് ഒരിക്കലും മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Mammootty About Cinema Audiance and pan indian reach of  Malayalam Movies