സൂപ്പര്‍ ശരണ്യക്ക് ശേഷം ഗ്യാപ് വന്നു; ആ സിനിമ ചെയ്യാന്‍ എനിക്ക് കഴിയില്ലെന്ന് തോന്നി: മമിത ബൈജു
Film News
സൂപ്പര്‍ ശരണ്യക്ക് ശേഷം ഗ്യാപ് വന്നു; ആ സിനിമ ചെയ്യാന്‍ എനിക്ക് കഴിയില്ലെന്ന് തോന്നി: മമിത ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th February 2024, 2:24 pm

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. മമിത ബൈജുവും നസ്ലെനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഹൈദരാബാദിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രണയകഥയാണ് പറയുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോള്‍ ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മമിത ബൈജു.

‘സൂപ്പര്‍ ശരണ്യക്ക് ശേഷം ഏത് പടം കിട്ടുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ആ സിനിമ കഴിഞ്ഞ ഉടനെയാണ് ഗിരീഷേട്ടന്‍ വന്നിട്ട് ഇങ്ങനെയൊരു സിനിമയുണ്ടെന്ന് പറയുന്നത്. അതോടെ ഞാന്‍ വലിയ സന്തോഷത്തിലായി. പിന്നെ അതിനുള്ള കാത്തിരിപ്പിലായി.

കുറേനാള്‍ കാത്തിരുന്നു. ഗിരീഷേട്ടന്‍ എനിക്ക് വേണ്ടിയും കുറേ കാത്തിരുന്നു. അങ്ങനെ കുറച്ച് വലിയ ഗ്യാപ് വന്നു. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് എനിക്ക് ആ സിനിമ ചെയ്യാന്‍ പറ്റില്ലായിരിക്കും എന്നാണ്. പിന്നെയാണ് ഗിരീഷേട്ടന്‍ ഈ സിനിമയുണ്ടെന്ന് പറയുന്നത്.

ഹൈദരാബാദിലാണ് ലൊക്കേഷന്‍ എന്ന് പറഞ്ഞതോടെ ഒരുപാട് സന്തോഷമായി. പിന്നെ ഗിരീഷേട്ടന്‍ ആയത് കൊണ്ട് വളരെ കംഫേര്‍ട്ടായിരുന്നു. പിന്നെ അറിയുന്ന ആളുകളായിരുന്നു എല്ലാവരും. അതുകൊണ്ട് വളരെ നന്നായി ചെയ്യാന്‍ സാധിച്ചു,’ മമിത ബൈജു പറഞ്ഞു.

കുമ്പളങ്ങി നൈറ്റ്സ്, പാല്‍തു ജാന്‍വര്‍, ജോജി, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന സിനിമയാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം, എന്നിവരാണ് മറ്റു താരങ്ങള്‍.

മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനവും അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.


Content Highlight: Mamitha Baiju Talks About Premalu Movie