tripura election
'പ്രതിമ തകര്‍ക്കാനല്ല നിങ്ങളെ അധികാരത്തിലേറ്റിയത്'; ബി.ജെ.പി അക്രമങ്ങളെ പ്രതിരോധിക്കുമെന്ന് മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 07, 02:13 am
Wednesday, 7th March 2018, 7:43 am

കൊല്‍ക്കത്ത: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബി.ജെ.പി നടത്തുന്ന അക്രമങ്ങളെ അപലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങളെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

“ഞാന്‍ സി.പി.ഐ.എമ്മിന് എതിരാണ്. മാര്‍ക്‌സും ലെനിനും എന്റെ നേതാക്കളല്ല. സി.പി.ഐ.എമ്മിന്റെ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നയാളാണ് ഞാന്‍. അതുപോലെ ബി.ജെ.പിയുടെ ആക്രമണങ്ങളെയും അംഗീകരിക്കാനാകില്ല. ആരും പ്രതിഷേധിക്കുന്നതു കാണുന്നില്ല. പക്ഷെ പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടിയേ പറ്റൂ. ഞങ്ങള്‍ പ്രതിരോധിക്കും” മമത പറഞ്ഞു.

ഭരണം കിട്ടിയെന്നു കരുതി മാര്‍ക്‌സ്, ലെനിന്‍, ഗാന്ധിജി തുടങ്ങിയവരുടെ പ്രതിമകള്‍ തകര്‍ക്കുന്നത് അംഗീകരിക്കാനാകില്ല. ആളുകളെ കൊല്ലുന്നതും പ്രതിമ തകര്‍ക്കുന്നതുമല്ല അധികാരത്തില്‍ വരുന്നവരുടെ പണിയെന്നും മമത കൂട്ടിച്ചേര്‍ത്തു.

“അവര്‍ എല്ലാം തകര്‍ക്കുകയാണ്. ആരും പ്രതികരിക്കുന്നത് കാണുന്നില്ല. പക്ഷെ എനിക്ക് മിണ്ടാതിരിക്കാനാവില്ല. സി.പി.ഐ.എമ്മുമായി ആശയപരമായ ഭിന്നതയുണ്ടെന്നത് ശരി തന്നെ. എന്നു കരുതി അവരെ ആക്രമിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.”

അതേസമയം, ത്രിപുരയില്‍ മറ്റൊരു ലെനിന്‍ പ്രതിമ കൂടി അക്രമികള്‍ തകര്‍ത്തു. സബ്രൂം മോട്ടോര്‍സ്റ്റാന്റിലെ പ്രതിമയാണു തകര്‍ത്തത്. നേരത്തെ, തെക്കന്‍ ത്രിപുരയിലെ ബെലോണിയയില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ചു നശിപ്പിച്ചിരുന്നു.