അച്ഛാ ദിന്‍ വെറുമൊരു വാഗ്ദാനം; ഇന്ത്യന്‍ ജനാധിപത്യത്തെ നരേന്ദ്ര മോദി ജയിലിലടക്കുന്നു: മമത ബാനര്‍ജി
national news
അച്ഛാ ദിന്‍ വെറുമൊരു വാഗ്ദാനം; ഇന്ത്യന്‍ ജനാധിപത്യത്തെ നരേന്ദ്ര മോദി ജയിലിലടക്കുന്നു: മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2024, 11:04 am

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നരേന്ദ്ര മോദി ഇന്ത്യന്‍ ജനാധിപത്യത്തെ ജയിലിലടക്കുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു. നാദിയ ജില്ലയിലെ റാണാഘട്ട് ലോക്സഭാ മണ്ഡലത്തിലെ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മമത.

‘അച്ഛാ ദിന്‍’ എന്നത് മോദിയുടെ വാഗ്ദാനത്തില്‍ മാത്രമായി ചുരുങ്ങിയെന്നും മമത വിമര്‍ശിച്ചു. എന്‍.ഡി.എ സഖ്യം 400ലധികം സീറ്റുകള്‍ നേടുമെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത്തവണ ബി.ജെ.പിക്ക് കനത്ത തോല്‍വി നേരിടേണ്ടി വരുമെന്നും മമത പറഞ്ഞു.

ഒരു രാഷ്ട്രം, ഒരു പാര്‍ട്ടി, ഒരു സര്‍ക്കാര്‍, ഒരു നേതാവ് എന്ന ആശയം നടപ്പിലാക്കി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ജയിലില്‍ അടക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്നും മമത ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ സഖ്യം ചൂണ്ടിക്കാട്ടിയതുപോലെ, ബി.ജെ.പി ഒരു വാഷിങ് മെഷിന്‍ ആണോ? കുറ്റാരോപിതരായ നേതാക്കള്‍ ബി.ജെ.പിയിലേക്ക് എത്തുമ്പോഴേക്കും അവര്‍ എങ്ങനെയാണ് ശുദ്ധരായി മാറുന്നതെന്നും മമത റാലിയില്‍ ചോദ്യമുയര്‍ത്തി.

വൈദ്യുതി, പാചക വാതകം തുടങ്ങിയ ആശ്വാസ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പൊടിയിടുകയാണെന്നും മമത പറഞ്ഞു. ജി.എസ്.ടി പിരിവിന്റെ പേരില്‍ പശ്ചിമ ബംഗാളിന്റെ സാമ്പത്തിക കുടിശ്ശിക കേന്ദ്രം നല്‍കുന്നില്ലെന്ന് നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ബംഗാളില്‍ നടക്കേണ്ടിയിരുന്ന മോദി നേതൃത്വത്തിലുള്ള പ്രചരണ റാലിയിക്ക് മമത സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരുപോലെ ഏറ്റുമുട്ടുന്ന ബര്‍ധമാന്‍-ദുര്‍ഗാപൂര്‍ ലോക്സഭാ മണ്ഡലത്തിലാണ് റാലി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ബി.ജെ.പിയുടെ പ്രകടനത്തെ ഭയന്നുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി റാലിയ്ക്ക് അനുമതി നല്‍കുന്നില്ലെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

റാലിയ്ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി കോടതിയെ സമീപിക്കുമെന്ന് ബര്‍ധമാനിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നേതാവുമായ ദിലീപ് ഘോഷ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

ലോക്‌സഭയിലേക്കുള്ള പശ്ചിമ ബംഗാളിലെ 42 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ഏഴ് ഘട്ടങ്ങളിലായി ബംഗാളില്‍ വോട്ടെടുപ്പ് നടക്കും.

Content Highlight: Mamata Banerjee said Narendra Modi is imprisoning Indian democracy