കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും, ഗവർണർ ജഗ് ദീപ് ദങ്കറും തമ്മിലുള്ള ബന്ധത്തെ കലുഷിതമായത് എന്നാണ് ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ഉംപൂൺ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിൽ കടുത്ത പ്രതിസന്ധി തീർത്തപ്പോൾ മമതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗവർണർ ജഗ് ദീപ് ദങ്കർ.
ചുഴലിക്കാറ്റ് കടുത്ത നാശം വിതച്ച പശ്ചാത്തലത്തിൽ സൈന്യത്തിന്റെ സഹായം തേടാനുള്ള മമതയുടെ തീരുമാനത്തെയാണ് അദ്ദേഹം അനുമോദിച്ച് രംഗത്തെത്തിയത്.
ആർമിയുടെ സഹായം തേടാനുള്ള മമതയുടെ തീരുമാനം ഉചിതമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. അധികൃതർ ഇപ്പോൾ എത്രയും പെട്ടെന്ന് നഷ്ടപ്പെട്ട വൈദ്യുതി, വെള്ളം, തുടങ്ങിയ സർവ്വീസുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെയും തൃണമൂൽ കോൺഗ്രസിനെതിരെ വിമർശനം ഉന്നയിക്കാത്ത മൂന്ന് ട്വീറ്റുകൾ ദങ്കർ പോസ്റ്റ് ചെയ്തിരുന്നു. ഇത് ബി.ജെ.പി നേതാവ് കൂടി ആയിരുന്ന ഗവർണറിൽ നിന്നും മുൻകാലങ്ങളിൽ കാണാത്ത സമീപനമാണെന്ന് എൻ.ഡി.ടി.വി പറയുന്നു.
2019ൽ ഗവർണർ ആയി ചുമതലയേറ്റ ശേഷം നിരവധി വിഷയങ്ങളിൽ ദങ്കറും മമത ബാനർജിയും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളിൽ ഇടപെടുന്നതിന് മമത ഗവർണറെ വിമർശിച്ചിരുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാൾ സന്ദർശനത്തിന് എത്തിയപ്പോൾ മമത ബാനർജിയും ദങ്കറും ചേർന്നാണ് അദ്ദേഹത്തെ എയർപോർട്ടിലെത്തി സ്വീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക