കൊല്‍ക്കത്ത: സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് ബംഗാളില്‍ അക്രമസംഭവങ്ങള്‍ക്ക് കാരണമായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സീത്ലാകുച്ചില്‍ സി.ഐ.എസ്.എഫ് ജവാന്‍മാരെ ആക്രമിക്കാന്‍ മമത ജനങ്ങളോട് ആഹ്വാനം ചെയ്തതെന്നും ഷാ പറഞ്ഞു.
‘കേന്ദ്രസേനയെ ഘരാവോ ചെയ്യാന്‍ മമത ജനങ്ങളെ പ്രേരിപ്പിച്ചതാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇപ്പോഴും കൊലപാതകങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് മമത ശ്രമിക്കുന്നത്’, അമിത് ഷാ പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ നിന്ന് അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ ശാന്തിപൂരില്‍ ചേര്‍ന്ന പൊതുറാലിക്കിടെയായിരുന്നു ഷായുടെ പരാമര്‍ശം.
നേരത്തെ ബംഗാള്‍ ആക്രമണത്തിന് മമതയെ പഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. താഴെത്തട്ടില്‍ നിന്ന് ലഭിക്കുന്ന ജനപിന്തുണയില്‍ മമത ബാനര്‍ജിയും ഗുണ്ടകളും അസ്വസ്ഥരാണെന്നും മോദി പറഞ്ഞു.
അതേസമയം ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ സി.എ.പി.എഫ് വെടിവെയ്പ്പ് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് നടന്നതെന്ന് ആരോപിച്ച് തൃണമൂലിന്റെ സൗഗത റോയി രംഗത്തെത്തിയിരുന്നു.
പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമം നടന്നത്. ബംഗാളിലെ കുച്ച് ബീഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പി.ടി.ഐ, എ.എന്‍.ഐ പോലുള്ള വാര്‍ത്ത എജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക