ബെംഗളൂരു: പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ വെല്ലുവിളിക്കാന്‍ ബി.ജെ.പിക്ക് കഴിയുമോയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തങ്ങള്‍ ദേശസ്‌നേഹികളാണെന്നും രാഷ്ട്രത്തെ സ്‌നേഹിക്കുന്നതിന്റെ ഭാഗമായാണ്
എന്‍.ഡി.എക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം ഒരുമിച്ചതെന്നും മമത പറഞ്ഞു.
ബെംഗളൂരുവില്‍ പ്രതിപക്ഷ യോഗത്തിന് ശേഷമുള്ള സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി.
‘ഞങ്ങള്‍ ഒരുമിക്കുന്നത് നല്ല ലോകത്തിനും രാജ്യത്തിന്റെ കര്‍ഷകര്‍ക്കും സാധാരണ മനുഷ്യര്‍ക്കും വേണ്ടിയാണ്. ഞങ്ങള്‍ ഞങ്ങളുടെ മാതൃരാജ്യത്തെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ ദേശസ്‌നേഹികളാണ്.
യു.പി.എ(യു.പി.എ സര്‍ക്കാര്‍)യെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരിക്കാം. എന്നാല്‍ ഈ ഇന്ത്യയെ(I.N.D.I.A) വെല്ലുവിളിക്കാന്‍ ബി.ജെ.പിക്ക് ആകുമോ,’ മമത ചോദിച്ചു.
ഏറ്റവും ഫലപ്രദമായ കൂടിക്കാഴ്ചയാണ് ഇന്ന് ബെംഗളൂരുവില്‍ നടന്നതെന്നും
ക്രിയാത്മകമായ തീരുമാനമെടുക്കാനായെന്നും മമത പറഞ്ഞു. ഇന്ന് നടന്ന ചര്‍ച്ചയുടെ ഫലം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട് പ്രധാനമന്ത്രി മോദി എല്ലാം കുളമാക്കിയെന്നും എങ്ങനെയെങ്കിലും അദ്ദേഹത്തെ ഭരണത്തില്‍ നിന്ന് പുറത്താക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ വിമര്‍ശിച്ചു.
26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ‘ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്'(ഇന്ത്യ) എന്നാണ് പേര് നല്‍കിയിട്ടുള്ളത്. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട തീരുമാനിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പുതിയ പേര് പ്രഖ്യാപിച്ചത്.
‘മോദി vs ഇന്ത്യ’ എന്നതാകും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. രണ്ടാം ദിവസത്തെ പ്രതിപക്ഷ യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് എല്ലാവര്‍ക്കും താത്പര്യപ്പെടുന്നൊരു പേരിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.