Advertisement
national news
ഉരുളക്കിഴങ്ങും ഉരുളക്കിഴങ്ങ് ചിപ്‌സും ഒന്നല്ല; ബി.ജെ.പിയിലെ എല്ലാ നേതാക്കളും മോശക്കാരല്ലെന്നും മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 01, 04:26 am
Wednesday, 1st August 2018, 9:56 am

ന്യൂദല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും മികച്ച നേതാക്കള്‍ തന്നെയാണെന്നും എന്നാല്‍ ബി.ജെ.പിയിലെ മറ്റൊരു നേതാക്കളും അങ്ങനെയല്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ഉരുളക്കിഴങ്ങും ഉരുളക്കിഴങ്ങ് ചിപ്‌സും ഒരുപോലെ അല്ലല്ലോയെന്നായിരുന്നു മമതയുടെ ഉപമ.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യമുണ്ടാകുമെന്നും ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടിയായിരിക്കില്ല തങ്ങളുടെ പ്രചരണമെന്നും മമത പറഞ്ഞു.

ജനുവരി 19 ന് കൊല്‍ക്കത്തയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ക്ഷണിക്കാനായി ദല്‍ഹിയില്‍ എത്തിയതാണ് മമത. എന്‍.സി.പി നേതാവ് ശരദ് പവാറും മകള്‍ സുപ്രിയ സുലേയും ഇന്നലെ വൈകീട്ട് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


കുമ്മനം കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചുവരില്ല: ശ്രീധരന്‍പിള്ള


2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ശക്തമായ ഒരു പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. കൊല്‍ക്കത്തയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനായി പ്രതിപക്ഷത്തെ എല്ലാ നേതാക്കളേയും ക്ഷണിക്കുമെന്നും അവര്‍ പറഞ്ഞു.

രാജ്യത്ത് മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും 2019 ഓടെ അത് സാധ്യമാകുമെന്നും മമത പ്രത്യാശ പ്രകടിപ്പിച്ചു. ജാര്‍ഖണ്ഡിലും ചത്തീസ്ഗഡിലും ഉത്തര്‍പ്രദേശിലും ജനങ്ങളെ ഭിന്നിപ്പിച്ചുള്ള രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നത്.

എന്നാല്‍ അവര്‍ക്ക് അത് പശ്ചിമബംഗാളില്‍ നടത്താന്‍ കഴിയുന്നില്ല. കാരണം അവിടെ ഞങ്ങളുണ്ട്. അതുപോലെ ആന്ധ്രയിലും കര്‍ണാടകയിലും അവര്‍ക്ക് അത് സാധ്യമാകില്ല. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവും കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയും ഉണ്ട്.

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ബി.ജെ.പി എന്ന പാര്‍ട്ടിയേ ഇവിടെ ഉണ്ടാവില്ലെന്നും ദളിതരേയും പിന്നോക്ക വിഭാഗങ്ങളേയും ആദിവാസികളേയും ആക്രമിച്ചുകൊണ്ടുള്ള ഭരണമാണ് ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മമത ആരോപിച്ചു.