കോഴിക്കോട്: മാമാങ്കം സിനിമയ്ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കി. തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കി വേണം പ്രദര്‍ശനമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരക്കഥാകൃത്ത് സജീവ് പിള്ളയാണെന്നും ശങ്കര്‍ രാമകൃഷ്ണനല്ലെന്നും ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി.
സിനിമയുടെ മുന്‍ സംവിധായകന്‍ കൂടിയായ സജീവ് പിള്ള നല്‍കിയ ഹരജിയിലാണു കോടതി വിധി പറഞ്ഞത്. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്.
തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് സത്യവാങ്മൂലം നല്‍കണമെന്നും അതിനുശേഷം മാത്രമേ റിലീസ് ചെയ്യാവൂ എന്നും കോടതി പറഞ്ഞു. സിനിമയുടെ അണിയറയില്‍ ഒട്ടേറെപ്പേരുണ്ടെന്നും അവരെക്കൂടി പരിഗണിച്ചാണു തീരുമാനമെന്നും കോടതി വ്യക്തമാക്കി.
എം. പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്‌ലാന്‍, കനിഹ, അനു സിത്താര, തരുണ്‍ രാജ് അറോറ, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ തുടങ്ങിയവര്‍ സിനിമയില്‍ വേഷമിടുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് മനോജ് പിള്ളയാണ്.
സിനിമയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിന് ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സജീവ് പിള്ള അടക്കമുള്ളവര്‍ക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മ്മാണക്കമ്പനി നല്‍കിയ പരാതിയിലാണ് കേസ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സാമൂഹ്യമാധ്യമത്തില്‍ ഉള്‍പ്പെടെ സിനിമയ്ക്കെതിരെ സംഘടിത നീക്കങ്ങള്‍ നടക്കുകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചരണമാണു നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.